ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് ജില്ലയില്‍ തുടക്കം
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ടമായ 'തുടരണം ഈ കരുതല്‍' കാമ്പയിന് ജില്ലയില്‍ തുടക്കമായി. കാമ്പയിന്റെ ഭാഗമായി ജില്ലയിലേക്കുള്ള കിയോസ്‌ക്കുകളും പോസ്റ്ററുകളും മാസ്‌ക്കും ജില്ലാ കളക്ടര്‍ പി.ബി നൂഹ് സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീതയില്‍ നിന്ന് ഏറ്റുവാങ്ങി. ആരോഗ്യവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യസുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണു ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കിയോസ്‌ക്കുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ്(പിഎച്ച്‌സി) നല്‍കുക. പോസ്റ്ററുകള്‍ പൊതു ഇടങ്ങളില്‍ പതിക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, പി.എച്ച്.സികള്‍, അങ്കണവാടികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു കൈമാറും.
സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങിയ സന്ദേശങ്ങളും ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടത്തില്‍ പ്രാമുഖ്യം നല്‍കി വരുന്നു. ഇതുകൂടാതെ പൊതുജനങ്ങള്‍ പാലിക്കേണ്ട 10 പ്രധാന കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വീണാ ജോര്‍ജ് എം.എല്‍.എ ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ച കിയോസ്‌ക്കുകളും പോസ്റ്ററും മാസ്‌ക്കുകളും പരിശോധിച്ചു.
ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന്റെ ഭാഗമായി നമ്മള്‍ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍ താഴെ:-
1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. 2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക. 3. സാമൂഹിക അകലം പാലിക്കുക. 4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്. 5. പരമാവധി യാത്രകള്‍ ഒഴിവാക്കുക. 6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്. 7. കഴുകാത്ത കൈകള്‍കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്. 8. പൊതുഇടങ്ങളില്‍ തുപ്പരുത്. 9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക,ആരോഗ്യം നിലനിര്‍ത്തുക. 10.ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.
- Log in to post comments