കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹ്യഅകലം പാലിക്കാന്‍ മാര്‍ക്കിംഗ് ആരംഭിച്ചു
കോന്നിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്പില് സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യമായ മാര്‍ക്കിംഗ് നടത്താന്‍ തീരുമാനമായി. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത പി.ഡബ്ളിയു.ഡി, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങളിലെ ഇളവുകളെ തുടര്‍ന്ന് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കടകളില്‍ ആളുകള്‍ കൂടുതലായി എത്തുമ്പോള്‍ അവിടെ സാമൂഹിക അകലം പാലിച്ച് വ്യാപാരം നിയന്ത്രിക്കാന്‍ പോലീസിനും, വോളന്റിയര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ട്.ഇതിനായാണ് ഒരു മീറ്റര്‍ അകലത്തില്‍ മാര്‍ക്കിംഗ് നടത്തി ആളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി അടിയന്തര പ്രാധാന്യത്തോടെ മാര്‍ക്കിംഗ് നടത്താന്‍ ഫയര്‍ഫോഴ്സിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ ചുമതലപ്പെടുത്തി. കോന്നി മാവേലി സ്റ്റോറിന്റെ മുന്പില് മാര്‍ക്കിംഗ് നടത്തി കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബിനു, ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ലാല്‍ജീവ്, ഓവര്‍സിയര്‍ സച്ചിന് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments