Skip to main content

ഇരവിപേരൂരില്‍ ബജറ്റ് ഹോട്ടല്‍ ആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബജറ്റ് ഹോട്ടല്‍ ഇരവിപേരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കുടുംബശ്രീ സംരംഭത്തിലൂടെ പൊതിച്ചോറ് 25 രൂപയ്ക്കും ഹോട്ടലില്‍ 20 രൂപയ്ക്കും ഉച്ച ഊണ് ലഭ്യമാക്കും. കോവിഡ് രോഗനിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പൊതിച്ചോറാണ് ഇവിടെനിന്നു ലഭിക്കുക. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന്റെ തുടര്‍ച്ചയായാണു ബജറ്റ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.  

പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായവര്‍ക്ക് ഇവിടെനിന്നു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കുമുള്ള കിറ്റ് വിതരണവും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള കിറ്റ് വിതരണവും പൂര്‍ത്തീകരിച്ചതിനാലാണ് സാമൂഹിക അടുക്കളയെ ബജറ്റ് ഹോട്ടലായി പുനഃക്രമീകരിച്ചത്.

വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെയാണ് ഇരവിപേരൂരിലെ സാമൂഹിക അടുക്കള പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചു കൂട്ടം കറികളടക്കം രണ്ടു നേരമാണു ഭക്ഷണം നല്‍കിയിരുന്നത്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ  പ്രഫഷണലുകള്‍ അടക്കം സന്നദ്ധ സേവകരായി പ്രവര്‍ത്തിച്ചിരുന്നു. 

കഴിഞ്ഞ 36 ദിവസം 9000-ല്‍  അധികം ഭക്ഷണ പൊതികളാണു വാര്‍ഡ്തല വോളന്റീയര്‍മാര്‍ മുഖേന വീടുകളില്‍ എത്തിച്ചിരുന്നത്. സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നന്ദി രേഖപ്പെടുത്തി.

date