കോവിഡിനെതിരേ കൈവരിച്ച നേട്ടം കളഞ്ഞു കുളിക്കരുത്: മാത്യു ടി തോമസ് എംഎല്‍എയുടെ ഫേയ്സ്ബുക്ക് കുറിപ്പ്
കോവിഡിനെതിരായ തുടര്‍ ജാഗ്രതയില്‍ പിഴവുണ്ടാകാതെ നാടിനെ
കാക്കാന്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്ന് മാത്യു ടി തോമസ് എംഎല്‍എ.
സൂക്ഷ്മതയോടെ ഇവിടെ വരെ എത്തിയത് ഫൈനലില്‍ തോറ്റു കൊടുക്കാനല്ലല്ലോ എന്നു തുടങ്ങുന്ന എംഎല്‍എയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രശംസനീയമായ ജാഗ്രതയാണ് പോയ ദിനങ്ങളില്‍ നമ്മുടെ നാട് കാട്ടിയത്. പിണറായി വിജയനെന്ന കരുത്തനായ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും റവന്യു അധികാരികളും ജനപ്രതിനിധികളും ഒക്കെ ചേര്‍ന്ന മികവുറ്റ ടീം പൊരുതി നേടിയ വിജയം ലോകരെയാകെ അത്ഭുതപ്പെടുത്തി.
മാര്‍ച്ച് മാസത്തില്‍ ഏറെ ഭീതിയോടെ മാത്രം വീക്ഷിക്കപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരു കോവിഡ് രോഗി പോലുമില്ല. നല്ല നേട്ടം. നല്ല ജാഗ്രത പുലര്‍ത്തിയ തിരുവല്ല മണ്ഡലത്തില്‍ ഇതേവരെ ഒരു പോസിറ്റീവ് കേസുണ്ടായില്ല. .......('ഇതേവരെ'' എന്ന് അടിവരയിട്ടു സൂചിപ്പിക്കുന്നു.) ഈ നേട്ടങ്ങള്‍ അന്തിമ ഘട്ടത്തില്‍ കളഞ്ഞു തുലയ്ക്കാവുന്നതാണോ?. ഫൈനലില്‍ ജയിക്കാനല്ലേ നാം സെമി വരെ നല്ല പ്രകടനം കാഴ്ച വച്ചത്?.
നിഷ്കര്‍ഷിക്കുന്ന നിയന്ത്രണങ്ങളോട് നാം സഹകരിച്ചേ പറ്റൂ. സംഘം ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ഒട്ടും നല്ലതല്ല. അപ്രിയങ്ങളായി തോന്നാമെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോവാതിരിക്കാന്‍ അവ അനിവാര്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്തിനുള്ളിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ അച്ചടക്കത്തോടെ വെളിപ്പെടുത്തല്‍ നടത്തി നിഷ്കര്ഷിക്കപ്പെടുന്ന ക്വാറന്റൈന് സന്നദ്ധരാവണം. പൊതു സമൂഹത്തിനു വേണ്ടി. ജനപ്രതിനിധികളും നാട്ടുകാരും ഇക്കാര്യത്തില്‍ കാര്‍ക്കശ്യം തുടരണം. ജാഗ്രത വെടിയരുത്. തിരുവല്ല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധിപന്മാരും ഉദ്യോഗസ്ഥ സ്നേഹിതരും തിങ്കളാഴ്ച ഒത്തു കൂടുന്നുണ്ട്. പുതിയ സാഹചര്യങ്ങളില്‍ കരുതല്‍ നടപടികള്‍ പാളരുത് എന്നതാണ് ലക്ഷ്യമിടുന്നത്.
ബിപിഎല്‍ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നല്ല വിജയമായി. നിരവധി സ്പോണ്‍സര്‍മാര്‍ സ്വമേധയാ സഹായിക്കാനുണ്ടായി. മേയ് 17 നോട് കൂടി ഈ ക്രമീകരണം സമാപിപ്പിക്കാമെന്നു കരുതുന്നു. വളര്‍ച്ച മുരടിപ്പ് നേരിടുന്ന നമ്മുടെ മൂന്നു കുട്ടികള്‍ക്ക് ഗ്രോത്ത് ഹോര്‍മോണ്‍ തിരുവനന്തപുരത്തു നിന്ന് തിങ്കളാഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ മനസിലാക്കിയ വിതരണക്കാരന് വിലപിടിപ്പുള്ള ഈ മരുന്നുകള്‍ക്ക് നല്ല ഡിസ്കൗണ്ടും നല്‍കിയെന്നും എംഎല്‍എ കുറിച്ചു.
- Log in to post comments