ആശ്രയം പരിപാടിക്ക് ജില്ലയില്‍ തുടക്കം
കോവിഡ് 19 മഹാമാരിയെ പ്രതിരോധക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകരുമായി സംവദിക്കുന്ന ആശ്രയം പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 54 പഞ്ചായത്തിലെയും മൂന്ന് നഗരസഭകളിലെയും ഓരോ ആശാപ്രതിനിധിയുമായി സംസാരിച്ച് ജോലി സംബന്ധമായ ആശങ്കകള്‍ പരിഹരിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 16 പഞ്ചായത്തിലെ പ്രതിനിധികളുമായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍ സംവദിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ആശങ്കളും പ്രതിനിധികള്‍ പങ്കുവച്ചു. എല്ലാ ആശങ്കകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സ്റ്റേറ്റ് മിഷന് ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഉറപ്പുനല്‍കി.
തുടര്‍ന്ന് ഇ-സഞ്ജീവനി എന്ന ടെലിമെഡിസിന്‍ സംവിധാനത്തെക്കുറിച്ച് ആശാപ്രവ ര്‍ത്തകര്‍ക്ക് ജില്ലാ ആശാ കോ-ഓര്‍ഡിനേറ്റര്‍ ലയ സി.ചാക്കോ പരിശീലനം നല്കി. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാനുള്ള സംവിധാനമാണ് ഇ-സഞ്ജീവനി. ഇതിന്റെ ഉപയോഗം എല്ലാ വീടുകളിലും പരിശീലിപ്പിക്കുകയും കൂടുതല്‍ ആളുകള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ് പരിശീലനം നല്‍കുന്നത്.
- Log in to post comments