Skip to main content

പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍  അടൂര്‍ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ അടൂര്‍ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു.  അടൂര്‍ ഉപജില്ലാ ഓഫീസ് ഉദ്ഘാടനത്തിന്റെ ജില്ലാതല ചടങ്ങ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ തുടങ്ങിയ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ശ്രമിക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ സമാപനം കുറിച്ചുകൊണ്ട് കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യപിച്ച നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും പിന്നോക്ക ക്ഷേമ വകുപ്പിന്റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാനത്തൊട്ടാകെ നിര്‍വഹിക്കുകയാണ്. ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെടുത്തു നോക്കിയാല്‍ എല്ലാ മേഖലയിലും വികസനം സാധ്യമായിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, സാമൂഹ്യ ക്ഷേമ മേഖല തുടങ്ങിയ മേഖലകളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമായി. ഒരു വര്‍ഷക്കാലമായി നടന്നുവരുന്ന കിഫ്ബി പദ്ധതികളില്‍ നിന്നുതന്നെ ഒരുപാട് വികസനങ്ങള്‍ ലഭ്യമായി. 420.40 കോടി രൂപയുടെ വികസനം അടൂരില്‍ ലഭ്യമായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ വിപ്ലവം സൃഷ്ടിക്കുകയാണ്. വകുപ്പിന്റെ ഡയറക്ടറായ എ.പി ജയന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഓഫീസ് സാധ്യമായത്. സംസ്ഥാനത്ത് 14 സബ് ഓഫീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതിലൂടെയാണ് അടൂരില്‍ ഒരു ഓഫീസ് യാഥാര്‍ഥ്യമായതെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

ജില്ലാതല ചടങ്ങില്‍ കെ.എസ്.ബി.സി.ഡി.സി ഡയറക്ടര്‍ എ.പി ജയന്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, നഗരസഭ കൗണ്‍സിലര്‍ ഷൈനി ജോസ്, സിപിഐ (എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി ഹര്‍ഷകുമാര്‍, കെ.എസ്.ബി.സി.ഡി.സി സീനിയര്‍ അസിസ്റ്റന്റ് കെ.എന്‍ മധു, കെ.എസ്.ബി.സി.ഡി.സി അടൂര്‍ മാനേജര്‍ സിനി ജി. കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date