വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് കാലോചിതമായ മാറ്റങ്ങള്‍: മന്ത്രി ഒ.ആര്‍ കേളു
സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ കൈകളിലേക്ക് പാഠപുസ്തകങ്ങള്‍ എത്തിക്കുകയാണ് സര്‍ക്കാര്‍. വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കഴിഞ്ഞു. പാഠ്യ പദ്ധതിയില്‍ സമകാലിക തലമുറക്ക് അനുയോജ്യമായ വിധത്തില്‍ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 8,9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്ന പരീക്ഷാ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കവേണ്ട. പരീക്ഷകള്‍ അതിജീവിച്ച് വിജയം കൈവരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവിധമാണ് പരിശീലനങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പത്താംക്ലാസ്സ് കഴിഞ്ഞ് ഹയര്‍സെക്കന്‍ഡറി തലത്തിലെത്തുമ്പോള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിലെത്താന്‍ സാധിക്കും. പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടികളും യോഗങ്ങളും നടക്കുന്നതായും മന്ത്രി പറഞ്ഞു. മാന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷയായ പരിപാടിയില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എസ് എം സി ചെയര്‍മാന്‍ മൊയ്തു കണിയാരത്ത്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി സതീഷ്‌കുമാര്‍, എ ഇ ഒ ഇന്‍ചാര്‍ജ്ജ് എന്‍ എസ് ഷീബ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments