മഴക്കാല പൂർവ ശുചീകരണം: ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു
മഴക്കാല പൂർവ ശുചീകരണവും മുന്നൊരുക്കളും ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. പകർച്ചവ്യാധികളെ തടയുന്നതിന് എല്ലാ മേഖലകളിലും മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും ഇതിനായി വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും എഡിഎം പറഞ്ഞു.
ഡെങ്കിപ്പനി, ചിക്കൻഗുനിയ കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വീടുകളിലും ഓഫീസുകളിലും സ്കൂളുകളിലും മഴക്കാല പൂർവ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും ഡ്രൈ ഡേ ആചരണവും നേരത്തെ തന്നെ ആരംഭിക്കണമെന്ന് ഡിഎംഒ അറിയിച്ചു. സ്കൂളുകളിൽ വെള്ളിയാഴ്ചയും ഓഫീസുകളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം.
തീരപ്രദേശങ്ങളിൽ ജലദൗർലഭ്യമുള്ളതിനാൽ വീടുകളിൽ വെള്ളം സൂക്ഷിച്ചുവെയ്ക്കുന്നത് പകർച്ചവ്യാധികൾ പടരുന്നതിന് ഇടയാക്കുന്നു. മാത്രമല്ല, ഉപയോഗ ശൂന്യമായി കടൽതീരത്ത് കിടക്കുന്ന വള്ളങ്ങളിൽ വെള്ളം കയറി കൊതുകുകൾ പെരുകി പകർച്ചവ്യാധികൾ പടരാൻ കാരണമാകും. ഇവിടങ്ങളിൽ മാത്രമല്ല, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കണമെന്ന് ഡിഎംഒ നിർദ്ദേശിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനായി ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ഡോക്സിസൈക്ലിൻ ഗുളികകൾ തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും കഴിക്കണം.
അങ്കണവാടികളിൽ ഭക്ഷണസാധനങ്ങൾ ശുചിയായി സൂക്ഷിക്കണം. കുഞ്ഞുങ്ങളുടെ രോഗവിവരങ്ങൾ ആരോഗ്യവകുപ്പ് പ്രവർത്തകരെ യഥാസമയം അറിയിക്കണം. റെയിൽവേ സ്റ്റേഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കും.
വീടുകളിൽ വളർത്തുന്ന നായകളിൽ നിന്നാണ് റാബീസ് കൂടുതൽ പകരുന്നത് എന്നതിനാൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കും. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകണമെന്നും ഡിഎംഒ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.
14-15 വയസ്സ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഗർഭാശയ ക്യാൻസറിനെതിരെ ആദ്യത്തെ വാക്സിൻ കൊടുക്കും. വീടുകളിൽ തന്നെ പ്രസവം നടത്തുന്ന കേസുകൾ ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നതല്ല.
ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം നിർമ്മൽ കുമാർ ജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments