കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാന്‍ നല്ലൂര് നീര്‍ത്തട വികസന പദ്ധതിക്ക് തുടക്കമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
കാര്‍ഷിക മേഖല പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ആവിഷ്ക്കരിച്ച നീര്‍ത്തട വികസന പദ്ധതിയ്ക്ക് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ നല്ലൂരില്‍ തുടക്കമായി. നബാര്‍ഡിന്റെ 97.05 ലക്ഷം രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. കാര്‍ഷിക മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. മേഖലയിലെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന് മണ്ണ് - ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കല്ല് കയ്യാല, കിണര്‍ റീചാര്‍ജിങ്, ഫല വൃക്ഷത്തൈ വിതരണം, ജലസ്രോതസുകളുടെ പാര്‍ശ്വഭിത്തി സംരക്ഷണം, കാട്ടുകല്ലുകള്‍ ഉപയോഗിച്ചുള്ള തടയണ നിര്‍മാണം, ക്രസ് ചെക്കുകള്‍ തുടങ്ങിയ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി നടന്ന പരിപാടിയില്‍ കൃഷി, മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ 15,17,18,19 വാര്‍ഡുകളില്‍ പ്രകൃതിദത്ത അതിരുകളോടുകൂടിയ 930 ഹെക്ടര്‍ വിസ്തൃതിയിലുള്ള നീര്‍ത്തടത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഫലം 775 ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും. പദ്ധതി നടത്തിപ്പിനായി ഒമ്പത് അംഗ ഗുണഭോക്തൃ സമിതിയും രൂപീകരിച്ചു. ഈ സമിതിയുടെ നേതൃത്വത്തിലാണ് മണ്ണ് പര്യമേഷണ നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
നല്ലൂരില്‍ നടന്ന പരിപാടിയില്‍ എം. ഉമ്മര്‍ എം.എല്‍.എ ഗുണഭോക്തൃ സമിതി രൂപീകരണവും കര്‍ഷക പരിശീലന ക്ലാസും ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കള്‍ക്കുള്ള തൈ വിതരണവും എം.എല്‍എ നിര്‍വഹിച്ചു. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പ്രസീത അധ്യക്ഷയായി. നീര്‍ത്തടാധിഷ്ഠിതമായ മണ്ണ് സംരക്ഷണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ മറിയമ്മ. കെ. ജോര്‍ജ്ജ് ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. നിസാര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി. സുഭദ്ര, പി.കെ. അനസ്, ഇന്ദിര ടീച്ചര്‍, അബ്ദുള്‍ ബഷീര്‍, പെരിന്തല്‍മണ്ണ മണ്ണ് സംരക്ഷണ ഓഫീസര്‍ സൗദ നാലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments