ശുചിത്വ പദവി രണ്ടാം ഘട്ടം: ജില്ലയില്‍ 16 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വപദവിയിലേക്ക്
ശുചിത്വ - മാലിന്യ സംസ്കരണ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ 16 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വപദവിലേക്ക്. സര്‍ക്കാറിന്റെ 12 ഇന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനമാക്കി ശുചിത്വപദവി നേടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് പെരിന്തല്‍മണ്ണ, കോട്ടക്കല്‍ നഗരസഭകളും മലപ്പുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകളും 12 ഗ്രാമപഞ്ചായത്തുകളും തെരഞ്ഞെടുക്കപ്പെട്ടത്.
സ്വയം ശുചിത്വ പദവി പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാതല ശുചിത്വ അവലോകനസമിതി ചെയര്‍മാനായ ജില്ലാകലക്ടര്‍ നിയമിച്ച സംഘത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ശുചിത്വപദവി നല്‍കിയത്. ഹരിത കേരളം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, ജില്ല ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ എന്നിവരാണ് ജില്ലയില്‍ ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ഏകോപനം നടത്തുന്നത്.
കോട്ടക്കല്‍ നഗരസഭയില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. പെരിന്തല്‍മണ്ണ നഗരസഭയില്‍ ദേശീയ ഭക്ഷ്യ കമ്മീഷന് അംഗം വി.രമേശ്, വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അനില്‍ കുമാര്‍ എം.എല്‍എ, ചീക്കോട് ഗ്രാമപഞ്ചായത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.കെ റഷീദലി, പെരുമ്പടപ്പ് ബ്ലോക്കില്‍ ഡി.പി.സി പി.ജി വിജയകുമാര്‍, പുലാമന്തോള്‍ പഞ്ചായത്തില്‍ പ്രസിഡന്റ് വി.പി ഹനീഫ, പെരുമ്പടപ്പ് പഞ്ചായത്തില്‍ ഹരിതകേരളം മിഷന് ആര്.പി രാജന്.കെപി, മാറാക്കര പഞ്ചായത്തില്‍ പ്രസിഡന്റ് വി.മധുസൂദനന്, കല്പകഞ്ചേരി പഞ്ചായത്തില്‍ പ്രസിഡന്റ് മൊയ്തീന് കുട്ടി, പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ്് സഫിയ ടീച്ചര്‍ എന്നിവര്‍ ശുചിത്വപദവി പ്രഖ്യാപനം നടത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്മള, കാവനൂര്‍, കുറ്റിപ്പുറം, തലക്കാട് പഞ്ചായത്തുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപനം നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വ പദവി നിര്‍ണ്ണയത്തിനായി ഹരിതകേരളം മിഷന് തയ്യാറാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ പഞ്ചായത്തുകളെയാണ് ശുചിത്വപദവി പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തത്. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, ജൈവ-അജൈവ മാലിന്യ സംസ്കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം എന്നിവയാണ് ശുചിത്വപദവി പ്രഖ്യാപനത്തിനായുള്ള പ്രധാന ഘടകങ്ങള്‍. ശുചിത്വപദവി പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 51 പഞ്ചായത്തുകളും എട്ട് നഗരസഭകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വപദവി നേടി.
- Log in to post comments