Skip to main content

ദേശീയ അഖണ്ഡതാവാരാചരണം ഇന്നുമുതല്‍ 25 വരെ

ദേശീയ അഖണ്ഡത ദിനത്തോടനുബന്ധിച്ചു ഇന്ന് മുതല്‍ (നവംബര്‍ 19 വ്യാഴം) 25 വരെ ദേശീയ അഖണ്ഡത വാരാചരണം നടക്കും. ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാപോലീസ് തലത്തില്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ള ചെയര്‍മാനും, എസ്പിസി ജില്ലാ നോഡല്‍ ഓഫീസറായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ എസ് ഐ സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
എല്ലാവര്‍ഷവും നവംബര്‍ 19 മുതല്‍ 25 വരെ ദേശീയതലത്തില്‍ അഖണ്ഡത വാരാചരണം വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. പൊതുജനങ്ങളില്‍ ദേശസ്‌നേഹം ഉയര്‍ത്തുക, ദേശീയ അഖണ്ഡത വളര്‍ത്തുക, സാമുദായിക സൗഹാര്‍ദ്ദം ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് വാരാചരണം നടത്തുന്നത്. ആചരണത്തിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, പ്രതിജ്ഞയെടുക്കല്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. കൂടാതെ ജില്ലാ ഭരണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മതേതരത്വം പരിപോഷിപ്പിക്കല്‍,  വിഭാഗീയത ഇല്ലാതാക്കല്‍, അക്രമരാഹിത്യം പ്രോത്സാഹിപ്പിക്കല്‍ എന്നിവ ലക്ഷ്യമാക്കി  യോഗങ്ങള്‍, സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികളും  നടക്കും.
20 ന് ന്യൂനപക്ഷ ക്ഷേമദിനാചാരണം, 21 ന് ഭാഷാ സൗഹൃദ ദിനചാരണം, 22 ന് ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള ദിനാചാരണം എന്നിങ്ങനെ നടത്തും. സാംസ്‌കാരിക ഏകതാ ദിനമായി 23നും  വനിതദിനമായി 24നും പരിസ്ഥിതി സംരക്ഷണദിനമായി 25നും  ആചരിക്കാനാണ് നിര്‍ദേശം.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിജ്ഞയെടുക്കല്‍, മറ്റുപരിപാടികള്‍ എന്നിവ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇന്ന് രാവിലെ 11 ന് അഖണ്ഡത പ്രതിജ്ഞയെടുക്കും. ഇതുസംബന്ധിച്ചു എല്ലാ എസ് എച്ച് ഒ മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.
 

date