സേവനങ്ങൾ വാതിൽപ്പടിയിൽ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കെ.എസ്.ഇ.ബിയുടെ സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നൂതനമായ പദ്ധതിക്കാണ് കെ എസ് ഇ ബി രൂപം കൊടുത്തിരിക്കുന്നതെന്നും വൈദ്യുതി ബോർഡ് ഒരു പുതിയ മുഖം ആർജ്ജിക്കുന്നതിൻ്റെ ഭാഗം കൂടിയാണ് ഈ പദ്ധതിയെന്നും ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ദൈനംദിന ഓഫീസുകളിൽ ഉപഭോക്താക്കൾ വിളിച്ചാൽ മറുപടി കിട്ടാൻ പ്രയാസമുണ്ടാകുക തുടങ്ങിയ പരാതികൾക്ക് പരിഹാരം കാണുന്ന മനോഭാവമാണ് ഈ പുതിയ പദ്ധതിയിലൂടെ പ്രകടമാകുന്നത്. ഉപഭോക്താവിനെ പ്രധാനമായി കണ്ടു കൊണ്ടുള്ള സേവനമാണ് വൈദ്യുതി ബോർഡിൽ നിന്ന് ഉണ്ടാകേണ്ടതെന്നും ആ സമീപനത്തിൻ്റെ ഭാഗമായാണ് വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിലെന്ന പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി നിറവേറ്റുന്ന പദ്ധതിയാണിത്. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പു വരുത്തുന്ന നിരവധി പദ്ധതികൾ വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തല ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായി.
പദ്ധതിയുടെ പൊന്നാനി ഇലക്ട്രിക്കൽ ഡിവിഷൻ തല ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷനായി. പദ്ധതി വിശദീകരണം എ. ഇ അനിൽ കുമാർ നടത്തി. ചടങ്ങിൽ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി ഉപഭോക്തൃസേവനത്തിന്റെ പുത്തൻ ചരിത്രം രചിക്കുന്ന പദ്ധതിയാണ് സേവനങ്ങൾ വാതിൽപ്പടിയിൽ . പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക്
വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി സെക്ഷൻ ഓഫീസ് സന്ദർശിക്കേണ്ടതില്ല. സേവനങ്ങൾ വാതിൽപ്പടിയിലെത്തും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ് ഈ വിപ്ലവകരമായ പദ്ധതിയിലൂടെ വാതിൽപ്പടിയിൽ ലഭ്യമാവുക.
സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതിയുടെ സേവനങ്ങൾ ലഭിക്കാനുള്ള ട്രോൾ ഫ്രീ നമ്പർ - 1912
- Log in to post comments