ഐ.എഫ്.എഫ്.കെ വാര്‍ത്തകള്‍ അന്താരാഷ്ട്ര ചലച്ചിത്രമേള മേള: ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
ജില്ലയില്‍ മാർച്ച് ഒന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന 25 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി മുഖ്യ വേദിയായ പ്രിയ-പ്രിയദര്‍ശിനി-പ്രിയതമ കോമ്പൗണ്ടില്‍ ആരംഭിച്ച ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം പ്രശസ്ത സംവിധായകന് പ്രിയനന്ദനന് ചലച്ചിത്ര പ്രവര്‍ത്തകയായ അനുമോള്‍ക്ക് നല്കി നിര്‍വഹിച്ചു. ലോകത്തെ അടുത്ത് കാണാന്‍ പറ്റുന്ന വേദിയാണ് ചലച്ചിത്രമേളയെന്നും ചരിത്രത്തെയും കാലത്തെയും അറിയാനും രാഷ്ട്രീയ അവ ബോധത്തിനും ഇത്തരം വേദികള്‍ സഹായകമാകുമെന്നും പ്രിയനന്ദനന് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ അധ്യക്ഷനായി. തിരുവനന്തപുരത്ത് നടന്നുവരാറുള്ള ചലച്ചിത്രമേള കോവിഡ് പ്രതിസന്ധി നേരിടുന്നതിനാലാണ് നാല് മേഖലകളിലായി നടത്തുന്നത്. ചലച്ചിത്ര പ്രേമികളുടെ കൂടിച്ചേരലുകള്‍,സംവാദങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ ഒന്നിക്കുന്ന ഇടമാണ് ഐ.എഫ്.എഫ്.കെ. ഇതുവരെ ചലച്ചിത്രമേള സംഘടിപ്പിച്ച മൂന്നു സ്ഥലങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നടക്കുന്നതിനാല്‍ ഒരുതരത്തിലുമുള്ള പ്രശ്നങ്ങളും നേരിട്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു. തലശ്ശേരിയില്‍ നടന്നതുപോലെ പാലക്കാടും 1500 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പാസ് ലഭ്യമായവര്‍ താല്പര്യമുള്ള സിനിമകള്‍ കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പായി സൈറ്റിലൂടെ റിസേര്‍വ്വ് ചെയ്യേണ്ടതുണ്ട്. ജില്ലയില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കമല്‍ പറഞ്ഞു. ഓണ്‍ലൈനായി രജിസറ്റര്‍ ചെയ്തവര്‍ക്ക് താരേക്കാട് എന്‍.ജി.ഒ യൂണിയന് ഹാളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് ശേഷമാണ് പാസ് വിതരണം ചെയ്യുന്നത്.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര് അജയന്, എന്‍. എഫ്. ഡി.സി മുന്‍ ഡയറക്ടര്‍ പി പരമേശ്വരന്, സംഘാടക സമിതി അംഗം ജി പി രാമചന്ദ്രന്, പ്രശസ്ത നടി സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍-
മലയാളത്തില്‍ നിന്നും ചുരുളിയും ഹാസ്യവും
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങള്‍. ബ്രസീല്‍, ഫ്രാന്‍സ്, ഇറാന് തുടങ്ങിയ പത്തു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദര്‍ശിയുടെ ആദ്യ ചിത്രമായ കൊസ, അക്ഷയ് ഇന്‍ഡിഗറിന്റെ ക്രോണിക്കിള്‍ ഓഫ് സ്പേസ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര് ഈസ് നോ ഈവിള്‍ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019 ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയല്‍ ബട്ട് എ റെക്സ്റേഷന്‍ എന്ന ഇറ്റാലിയന്‍ സിനിമയും മത്സരത്തിനുണ്ട് . ബഹ്മെന്‍ തവോസി സംവിധാനം ചെയ്ത ദ് നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ് , ഹിലാല്‍ ബൈഡ്രോവിന്റെ ഇന്‍ ബിറ്റ്വീന് ഡൈയിങ്, ബ്രസീലിയന്‍ സംവിധായകന് ജോന് പൗലോ മിറാന്‍ഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയന്‍ ചിത്രം ഡസ്റ്ററോ, ഫ്രഞ്ച് ചിത്രം ബൈലീസവാര്, ബേര്‍ഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങള്‍
സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു
രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. 'registration.iffk .in' എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ 'IFFK'എന്ന ആപ്പ് വഴിയുമാണ് റിസര്‍വേഷന്‍ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും. രാവിലെ എട്ട് മുതല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇ-മെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകള്‍ക്കു ലഭ്യമാക്കും. തെര്‍മല്‍ സ്കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകള്‍ക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
വംശഹത്യയുടെ നേര്‍ക്കാഴ്ചയുമായി ക്വോ വാഡിസ്, ഐഡ ഉദ്ഘാടന ചിത്രം
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. പ്രിയ കോംപ്ലക്സില്‍ വൈകിട്ട് ആറിന് ഉദ്ഘാടനത്തിന് ശേഷമാവും ചിത്രം പ്രദര്‍ശിപ്പിക്കുക. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു.
സ്രെബ്രെനിക്കയിലെ യു എന്നിന്റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിട്ടുള്ളത്. ബലാല്‍സംഗം, ശിരഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം അനാവരണം ചെയ്യുന്നു.
സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന് നേടിയിരുന്നു. വെനീസ് ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.
സ്ഥാപനങ്ങള്‍ക്കും വ്യക്തിഗത റിപ്പോര്‍ട്ടിങ്ങിനും മാധ്യമ പുരസ്കാരങ്ങള്‍
പാലക്കാട്ട് രാജ്യാന്തര ചലച്ചിത്രമേള മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍, ക്യാമറാമാന് എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങള്‍ക്ക് വെവ്വേറെയാകും പുരസ്കാരങ്ങള്‍ നല്‍കുക. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് (ബൈലൈന്‍ സ്റ്റോറികള്‍ വിലയിരുത്തി) മാത്രമാവും വ്യക്തിഗത പുരസ്കാരം നല്‍കുക.
മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള സമഗ്ര കവറേജിനുള്ള പുരസ്കാരം തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, പാലക്കാട് മേഖലകളിലെ ആകെ റിപ്പോര്‍ട്ടിങ് മികവ് പരിഗണിച്ചാവും നല്‍കുക. എന്‍ട്രികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. പുരസ്കാരങ്ങള്‍ സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും.
മാധ്യമ പുരസ്കാരങ്ങള്‍ (സമഗ്രകവറേജ്)
1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓണ്‍ലൈന്‍ മാധ്യമം
വ്യക്തിഗത പുരസ്കാരങ്ങള്‍
1 .മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍
2 .മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ടര്‍
3 .മികച്ച ഫോട്ടോഗ്രാഫര്‍
4 .മികച്ച ക്യാമറാമാന്
നഷ്ടസ്മരണയില്‍ നവചിത്രങ്ങള്‍
മണ് മറഞ്ഞ പത്ത് പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമൊരുക്കും. മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകന് ഫെര്‍ണാണ്ടോ സോളനാസ്, ഇര്ഫാന് ഖാന് , രാമചന്ദ്രബാബു ,ഷാനവാസ് നരണിപ്പുഴ ,സൗമിത്ര ചാറ്റര്‍ജി , ഭാനു അത്തയ്യ , സച്ചി, അനില്‍ നെടുമങ്ങാട് , ഋഷികപൂര്‍ എന്നീ പ്രതിഭകള്‍ക്കാണ് മേള അഭ്രപാളിയില്‍ ആദരമൊരുക്കുന്നത് .
മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ് , ഫെര്‍ണാണ്ടോ സോളനാസിന്റെ സുര്‍, മലയാളി സംവിധായകരായ സച്ചിയുടെ അയ്യപ്പനും കോശിയും, ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളാണ് സംവിധായക പ്രതിഭകള്‍ക്ക് സമര്‍പ്പണമായി പ്രദര്‍ശിപ്പിക്കുന്നത് . യുവ നടനായിരുന്ന അനില്‍ നെടുമങ്ങാടിന്റെ മികച്ച പ്രകടനം ഉള്‍പ്പെട്ട മലയാള ചിത്രമാണ് അയ്യപ്പനും കോശിയും.
ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായാണ് അഗ്രഹാരത്തില്‍ കഴുതൈ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 125 ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു,ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബംഗാളി നടനായ സൗമിത്ര ചാറ്റര്‍ജിയുടെ സ്മരണയ്ക്കയാണ് സത്യജിത്ത് റേയുടെ ചാരുലത എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇര്ഫാന് ഖാന് അഭിനയിച്ച കിസ്സ, ഋഷി കപൂര്‍ അഭിനയിച്ച അനുഭവ് സിന്‍ഹ ചിത്രം മുല്‍ക് എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും .വസ്ത്രാലങ്കാര രംഗത്തെ പ്രതിഭ ഭാനു അത്തയ്യയോടുള്ള ആദരവായി നാഗരിക് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ലീ ചാങ്-ഡോംഗിന്റെ മൂന്ന് സസ്പെന്‍സ് ചിത്രങ്ങള്‍
ദക്ഷിണ കൊറിയന്‍ സംവിധായകന് ലീ ചാങ് ഡോംഗിന്റെ മൂന്ന് വിസ്മയ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയാകും . മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന് നേടിയ ബേണിംഗ്, വെനീസ് ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ നേടിയ ഒയാസിസ്, പോയട്രി എന്നീ ചിത്രങ്ങളാണ് റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ ആന്തരിക സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ സസ്പെന്‍സ് ചിത്രമായ ബേണിംഗ് ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറുകാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത് .
കുറ്റകൃത്യത്തില്‍ നിന്നും കൊച്ചുമകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അല്‍ഷിമേഷ്സ് ബാധിതയായ മുത്തശ്ശിയുടെ കഥയാണ് പോയട്രി എന്ന ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 2020ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു. നിഗൂഢത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വേദനകള്‍ തുടങ്ങിയവ പ്രമേയമാക്കുന്ന ലീ ചിത്രങ്ങള്‍ കൊറിയന്‍ ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് .
- Log in to post comments