Skip to main content

'തുലാവര്‍ഷപച്ച': കാടും മലയും പുഴയും ഉള്‍പ്പെട്ട 100-ഓളം ചിത്രങ്ങള്‍

കണ്ടുശീലിച്ചതത്രയും കാടും മലയും പുഴകളും കാട്ടു പൂക്കളും മേഞ്ഞെടുത്ത വീടുകളുമാണ് .അതുകൊണ്ട് തന്നെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 60 വിദ്യാര്‍ഥികള്‍ വരഞ്ഞിട്ടതത്രയും  അവ തന്നെയാണ്. ശിശുദിനാഘോഷത്തിന്റെ ഭാഗമായി  ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക സെമിനാര്‍ ഹാളില്‍ 'തുലാവര്‍ഷപച്ച'യെന്ന പേരില്‍ നടക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ഇത്തരത്തില്‍ 100-ഓളം ചിത്രങ്ങളാണുളളത്.  എം.ബി രാജേഷ് എം.പിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം എം.പി കുട്ടികളുമായി ചിത്രകലയുമായി ബന്ധപ്പെട്ട ചെറു സംഭാഷണം നടത്തി. പാറപ്പുറത്ത് അതിമനോഹരമായ പനിനീര്‍പ്പൂവുണ്ടായതെങ്ങിനെയെന്നു വള്ളത്തോള്‍ അത്ഭുതപ്പെട്ടത് പോലെയാണ് അവസരങ്ങള്‍ ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവുകള്‍ പ്രകാശിപ്പിച്ചുകൊണ്ടുളള ഈ കുട്ടികളുടെ രചനയെന്ന് അദ്ദേഹം പറഞ്ഞു.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ റ്റി.എ. സത്യപാല്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ്ചിത്രചനാ കാംപ്  ഉദ്ഘാടനം ചെയ്തു. ജില്ലാ പബ്ലിക് ലൈബ്രറി, ലളിതകലാ അക്കാദമി, സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് എന്നിവ സംയുക്തമായാണ്  കാംപ് നടത്തുന്നത്. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ അധ്യക്ഷനായി.  കവയത്രി സുഗതകുമാരി ടീച്ചറുടെ 'അട്ടപ്പാടി' എന്ന കവിത കെ.ആര്‍ ഇന്ദു ആലപിച്ചു. പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ കാംപ് സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി സര്‍ട്ടിഫിക്കറ്റുകളും പെയിന്റിങ് കിറ്റും നല്‍കി.

സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേലൂരി മുഖ്യാതിഥിയായി. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി റ്റി.ആര്‍. അജയന്‍ , അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.എല്‍.നജ്മല്‍ അമീര്‍ എന്നിവര്‍ പങ്കെടുത്തു. കാംപ് ഡയറക്റ്റര്‍ ബൈജുദേവ്, ചിത്രകാരന്‍ വി.സിദിഖ്, , ഷാജി സുരേന്ദ്രനാഥ് തുടങ്ങിയവര്‍ ചിത്രരചനയുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.കാംപ് ഇന്ന് സമാപിച്ചു.  ചിത്രപ്രദര്‍ശനം മൂന്ന് ദിവസം നീളും.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രദര്‍ശന സമയം.
 

date