Skip to main content
ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സേക്രഡ് ഹാര്‍ട്ട് കോളേജിലെ മാധ്യമപഠന വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ അഭിലാഷ് മോഹനന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ആശ ആച്ചി ജോസഫ്, ബാബു ജോസഫ്, നിജാസ് ജ്യുവല്‍ എന്നിവര്‍ സമീപം

സ്വതന്ത്രവും നവീനവുമായ മാധ്യമ സംരംഭങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് മാധ്യമദിനാചരണം

കൊച്ചി: സ്വതന്ത്രവും മൂലധനതാത്പര്യമില്ലാത്തതും ക്രൗഡ് ഫണ്ടിംഗ് വഴി പ്രവര്‍ത്തിക്കുന്നതുമായ നൂതന മാധ്യമ സംരംഭങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ദേശീയ മാധ്യമദിനാചരണം. ദിനാചരണത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ എസ്എച്ച് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി വിലക്കുകളും വെല്ലുവിളികളും-മാധ്യമസ്വാതന്ത്രം ഇന്ന് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി സീനിയര്‍ ന്യൂസ് എഡിറ്ററുമായ അഭിലാഷ് മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. അധികാരസ്ഥാനങ്ങള്‍ക്കു നേരേ നിരന്തരം ചോദ്യങ്ങളുന്നയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെ സ്മരിച്ചുകൊണ്ടായിരുന്നു സെമിനാറിന്റെ തുടക്കം. കഴിഞ്ഞ ദേശീയ മാധ്യമദിനം മുതല്‍ ഈ മാധ്യമദിനം വരെയുള്ള ഒരു വര്‍ഷക്കാലത്ത് ഇന്ത്യയിലെ മാധ്യമരംഗത്ത് നടന്ന സംഭവവികാസങ്ങളെ സെമിനാറില്‍ സമഗ്രമായി അവതരിപ്പിച്ചു. 

മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ അധികാരികള്‍ നടത്തുന്ന ശ്രമങ്ങളും സ്വയംവരിക്കുന്ന അടിയന്തരാവസ്ഥയിലേക്ക് മാധ്യമങ്ങള്‍ ചെന്നെത്തുന്ന സ്ഥിതി വിശേഷവും അഭിലാഷ് ചൂണ്ടിക്കാട്ടി. അധികാരികളെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന ഇന്ത്യന്‍ അവസ്ഥയില്‍ നിന്ന് അത്രയൊന്നും വ്യതിരിക്തമല്ല കേരളത്തിലെ അവസ്ഥയും. കായികമായിട്ടല്ലെങ്കിലും വ്യക്തിഹത്യ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമകാലിക കേരളത്തിലും സംഭവിക്കുന്നു. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ക്കിടയില്‍ നിശബ്ദമായ അടിയന്തിരാവസ്ഥനിലനില്‍ക്കുന്നുണ്ട്. മൂടിവെക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വാര്‍ത്തകളിലാണ് യാഥാര്‍ഥ്യമുള്ളത്. അധികാരത്തെ ചോദ്യം ചെയ്യാതിരിക്കുക എന്നതാണ് ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളുടെ അവസ്ഥ. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്നു. 

എന്നാല്‍ ഇവയ്‌ക്കെതിരേ ലോകവ്യാപകമായി ഉയര്‍ന്നു വരുന്ന പത്രപ്രവര്‍ത്തക സംരംഭങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ക്രൗഡ് ഫണ്ടിംഗ് വഴി, കോര്‍പ്പറേറ്റ് താതപര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാരംഭിച്ച റിപ്പബ്ലിക് എന്ന മാധ്യമത്തില്‍ നിന്നാണ് തുടങ്ങിയത്. ന്യൂസ് ലോണ്‍ട്രി, ദ വയര്‍, സ്‌ക്രോള്‍, ഓള്‍ട്ടര്‍ ന്യൂസ് തുടങ്ങി നോ ബുള്‍ഷിറ്റ് ജേണലിസം എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഇത്തരം മാധ്യമസംരംഭങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന കള്ളങ്ങളെ അപനിര്‍മ്മിച്ച് മുന്നോട്ട് പോകുന്നു. ഇന്നത്തെ സത്യാന്തര ലോകക്രമത്തില്‍  യഥാര്‍ഥ വസ്തുതകളേക്കാള്‍ വൈകാരികമായി ഉത്തേജിപ്പിക്കുന്ന ഇല്ലാക്കഥകള്‍ക്കാണ് പ്രചാരം. സത്യത്തോട് പക്ഷപാതിത്വം പുലര്‍ത്തുകയാണ് യഥാര്‍ഥ രാഷ്ട്രീയപ്രവര്‍ത്തനമെന്നും അഭിലാഷ് പറഞ്ഞു.

രാഷ്ട്രീയ, അധികാര ശക്തികളില്‍ നിന്നു മാത്രമല്ല, മൂലധനപ്രശ്‌നങ്ങളും ഇന്ന് മാധ്യമങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എസ്എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്വാസം മുട്ടുന്ന മാധ്യമങ്ങളെ കോര്‍പ്പറേറ്റ് ലോബി ഏറ്റെടുത്ത് നിശബ്ദരാക്കുന്ന സ്ഥിതിയാണുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ അളവില്‍ അവമതിപ്പുണ്ടാകുന്ന കാലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, വകുപ്പ് മേധാവി ആഷ ആച്ചി ജോസഫ്, അസിസ്റ്റന്റ് എഡിറ്റര്‍ കെ.കല, ഫാക്കല്‍റ്റി റിമ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

date