അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം
വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന സംവിധാനം ദുരുപയോഗം ചെയ്ത് വാണിജ്യാടിസ്ഥാനത്തില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. അപേക്ഷകള്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ അമിതഫീസ് ഈടാക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഓപ്പണ്‍ പോര്‍ട്ടല്‍ മുഖേന ഒരു വ്യക്തിക്ക് ഒരുമാസം ഇ-ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി.
പബ്ലിക് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സര്‍ട്ടിഫിക്കറ്റും ഒടിപി മുഖേന അനുവദിക്കുന്ന രീതി ഉടന്‍ നടപ്പിലാക്കും. ജനസേവന കേന്ദ്രങ്ങളെന്ന പേരിലുള്ള സ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുടെ തൊട്ടടുത്ത് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ജാഗ്രത പാലിക്കുവാനും അനധികൃത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുവാനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് വ്യക്തികള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി അയയ്ക്കുന്നതിനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം ഐടി മിഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണം. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളും സെപ്റ്റംബര്‍ 20ന് അകം എഫ്ടിടിഎച്ച് കണക്ഷനിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും അക്ഷയ ഡയറക്ടര്‍ സ്റ്റാറ്റിക് ഐപി അനുവദിക്കണം. സംസ്ഥാന സര്‍വീസ് പോര്‍ട്ടലില്‍ അക്ഷയയ്ക്ക് പ്രത്യേക ലോഗിന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ ഐടി മിഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- Log in to post comments