Skip to main content

പദ്ധതി നിര്‍വഹണം: ചില ഉദ്യോഗസ്ഥര്‍  അനാസ്ഥ കാട്ടുന്നതായി പരാതി      

ചില നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരുടെ അനാസ്ഥയും അലംഭാവവും കാരണം ജില്ലയിലെ പ്രധാന പദ്ധതികളില്‍ പലതും തടസ്സപ്പെടുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്യുന്നതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അംഗങ്ങളുടെ വിമര്‍ശനം. ജില്ലാ പഞ്ചായത്തിനു കീഴിലെ പട്ടിക ജാതി പട്ടിക വര്‍ഗ വികസനം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, മണ്ണ് സംരക്ഷണം, ഫിഷറീസ്, ആരോഗ്യം, സാമൂഹ്യക്ഷേമം, വ്യവസായം, കുടുംബശ്രീ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുളള ഉദാസീനത കാരണം ആരംഭിക്കാന്‍ കഴിയാത്തതായി പരാതി ഉയര്‍ന്നു. 
    ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തത് കാരണം പല പദ്ധതികളും തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അഗങ്ങള്‍ കുറ്റപ്പെടുത്തി. പദ്ധതി നിര്‍വഹണത്തില്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം അലംഭാവം കാണിക്കുന്നതായും ഇവര്‍ക്കെതിരേ നടപടി വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പദ്ധതി നിര്‍വഹണം നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് വലിയ പ്രതിസന്ധിക്ക് ഇടവരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ജനുവരിക്ക് മുമ്പായി പദ്ധതി തുകയുടെ 70 ശതമാനവും ചെലവഴിച്ചു തീര്‍ക്കേണ്ടതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലും ജാഗ്രതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
    പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് വകുപ്പ് തന്നെ സമര്‍പ്പിച്ച പല പദ്ധതികളും നടപ്പാക്കേണ്ട ഘട്ടമെത്തിയപ്പോള്‍ സാങ്കേതികതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ഫീസിബിലിറ്റി നല്‍കാത്ത സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
    ജില്ലയിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കമില്ലായ്മ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ജില്ലാപഞ്ചായത്ത് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും നശിപ്പിച്ച സംഭവങ്ങളുണ്ടായി. ഇത്തരം സാഹചര്യങ്ങളില്‍ നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംവിധാനമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രക്ഷാകര്‍തൃ സമിതിയും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കണം. വിദ്യാര്‍ഥികളുടെ അച്ചടക്കമില്ലായ്മ സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തെയും മറ്റ് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ല. പ്രശ്‌നക്കാരായ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് നല്‍കാന്‍ സ്‌കൂളുകളില്‍ സംവിധാനമൊരുക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ജാഗ്രത പാലിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. 
    ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ 
അംഗങ്ങളായ തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, ആര്‍ അജിത, സണ്ണി മേച്ചേരി, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date