മന്ത്രിസഭാ വാർഷികാഘോഷം;"സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ മൂല്യങ്ങൾ" സെമിനാർ നടത്തി
ഒരു സമൂഹത്തിൽ ഭരണഘടനാമൂല്യങ്ങൾ വ്യാപിക്കുകയും സമൂഹവും ഭരണസംവിധാനവും അതിനോട് കൂറു പുലർത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഭരണഘടനാപരമായ ധാർമികതയെന്ന് സുനിൽ പി. ഇളയിടം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാമൂല്യങ്ങൾ എന്നതായിരുന്നു വിഷയം. ഭരണഘടന രൂപമെടുത്ത ചരിത്രവും ഡോ. ബി. ആർ. അംബേദ്കറിന്റെ വീക്ഷണങ്ങളും എടുത്തു പറഞ്ഞ അദ്ദേഹം നിയമവ്യവഹാരമെന്ന രീതിയിലല്ല, രാഷ്ട്രീയ ഉള്ളടക്കമെന്ന നിലയിലാണ് ഭരണഘടന രൂപം കൊണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭരണനിർവ്വഹണം ഭരണഘടനാമൂല്യങ്ങൾക്കനുസൃതമായിരിക്കണം. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, സോഷ്യലിസം, സാഹോദര്യം എന്നീ മൂല്യങ്ങളുയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.ഇന്ത്യയെന്നത് കേവലമൊരു ഭൂപ്രദേശമല്ലെന്നും മതനിരപേക്ഷമായ സാഹോദര്യത്തിലൂന്നിയ ജനാധിപത്യപരമായ രാഷ്ട്രീയ ഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാമൂല്യങ്ങളെ മാനിക്കുന്ന തരത്തിലാവണം രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ഭരണനിർവ്വഹണം. അല്ലാത്ത പക്ഷം അത് ഭരണഘടനയെ സ്തംഭിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാറിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും അഡ്വ. വി.എൻ. ഹരിദാസ് വിശദീകരിച്ചു.
- Log in to post comments