Skip to main content
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ത്രിതല പഞ്ചായത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി  കെ ടി ജലീല്‍ സംസാരിക്കുന്നു

പരിമിതികളിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തി; മന്ത്രി കെ ടി ജലീല്‍

അത്യുത്തര ജില്ലയായ കാസര്‍കോട് നേരിടുന്ന നിരവധി പരിമിതികള്‍ക്കിടയിലും വാര്‍ഷികപദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ മെച്ചപ്പെട്ട പ്രകടനമാണ് ജില്ല നടത്തിയതെന്ന്  തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി  കെ ടി ജലീല്‍ പറഞ്ഞു. കാസര്‍കേട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ത്രിതല പഞ്ചായത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ഇതുവരെ 28.92 ശതമാനം  തുക ചെലവഴിച്ച് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. ജില്ലാ കളക്ടറും  ജില്ലാ ആസൂത്രണസമിതിയും  ജനപ്രതിനിധികളും  വിവിധ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച പ്രവര്‍ത്തിച്ചതിനാലാണ് ഇത് സാധിച്ചതെന്നും മന്ത്രി  പറഞ്ഞു. ഈ മികവ്  നിലനിര്‍ത്തണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്നവയാണ്.  പഞ്ചായത്ത് നന്നായാല്‍ നാടു നന്നാകും. ഒരാള്‍  ഒരാവശ്യത്തിനായി രണ്ടില്‍കൂടുതല്‍ തവണ ഒരോഫീസില്‍ വരേണ്ട സാഹചര്യം ഉണ്ടായിക്കൂട.  1500 ചതുരശ്ര അടിയില്‍ കുറവുളള വീടുകള്‍ക്ക് കെട്ടിട  നമ്പര്‍ നല്‍കുന്നതിന്  സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ  ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 600 പേര്‍ക്ക് ഉടന്‍ അഡൈ്വസ് മെമ്മോ നല്‍കും. 
    സംസ്ഥാനത്ത് ഒരു റേഷന്‍ കാര്‍ഡ്  ഉടമയ്ക്ക് ഒരു വീട് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും വീടില്ലാത്തവരായുണ്ട്. ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മാണം പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി പണം നീക്കിവെയ്ക്കണം. ലൈഫ് മിഷനു വേണ്ടിയും  25 ശതമാനത്തില്‍ കുറയാത്ത പ്ലാന്‍ ഫണ്ട് ഉപയോഗിക്കാം. പലിശ സര്‍ക്കാര്‍ അടയ്ക്കും. രണ്ടാംഘട്ടത്തില്‍  ക്ലേശഘടകങ്ങളുളള ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കും.  2021 ഓടെ  നാലു ലക്ഷം കുടുംബങ്ങള്‍ക്ക്  വീട് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍. 
     കേരളത്തെ അഗതികളില്ലാത്ത  സംസ്ഥാനമായി  ജനുവരിയോടെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ നടത്തിയ സര്‍വ്വെ പ്രകാരം  സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം  അഗതികളാണുളളത്. അഗതിരഹിത കേരളം പദ്ധതിയില്‍  ഈ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, മരുന്ന്, പഠനം എന്നിവ ഉറപ്പുവരുത്താനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ഒരു കുടുംബത്തിനും നിഷേധിക്കാന്‍ പാടില്ല. ഈ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടരുത്. അഗതിരഹിത കേരളം  പദ്ധതിയില്‍ 40 ശതമാനം തുക  കേരളസര്‍ക്കാര്‍ നല്‍കും. ബാക്കി 60 ശതമാനം ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ കണ്ടെത്തണം. സംസ്ഥാനസര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 
    പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉച്ചയ്ക്കുശേഷം പൂട്ടിയിടുന്നതൊഴിവാക്കാന്‍ പഞ്ചായത്തുകള്‍  ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍  സ്റ്റാഫിനെയും   നിയമിക്കാന്‍  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ  കാലാവധി  മൂന്നുമാസമാണെന്ന തെറ്റായ പ്രചാരണമുണ്ട്. ഈ ഡോക്ടറുടെ കാലാവധി  ഒന്നോ രണ്ടോ വര്‍ഷമോ അതില്‍കൂടുതലോ ആകാം.  കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ട് വീതം  ഡോക്ടറെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാം. എല്ലാ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഗ്യാസ് അധിഷ്ഠിത ശ്മശാനം  സ്ഥാപിക്കണം. എല്ലാ ബ്ലോക്കുകളിലും അറവുശാലകള്‍ യാഥാര്‍ത്ഥ്യമാക്കണം. 
    ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിഹിതം ചെലവഴിക്കുന്നത് ഊര്‍ജിതപ്പെടുത്താന്‍ മനത്രി നിര്‍ദ്ദേശം നല്‍കി. വകുപ്പുകളും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആനുകൂല്യങ്ങളനുവദിക്കുന്നത്  വ്യത്യസ്തമാകാന്‍ പാടില്ലായെന്നും മന്ത്രി  നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് എ ജി സി ബഷീര്‍,  ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ,  പഞ്ചായത്ത്  ജോയിന്റ് ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ വിനോദ് കുമാര്‍, ഗ്രാമവികസനവകുപ്പ ജോയിന്റ് കമ്മീഷണര്‍ കെ ഷൗക്കത്തലി, മുനിസിപ്പല്‍ ജോയിന്റ് ഡയറക്ടര്‍ കെ ബല്‍രാജ്, മുനിസിപ്പല്‍ ചേമ്പര്‍ ചെയര്‍മാന്‍ വി വി രമേശന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി       നീലേശ്വരം  നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍,  കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  എ എ ജലീല്‍, ജില്ലാ പ്ലാനിംഗ്  ഓഫീസര്‍ കെ എം സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  വി പി ജാനകി, എം ഗൗരി,  പി രാജന്‍, ഓമനരാമചന്ദ്രന്‍,  മുഹമ്മദാ കുഞ്ഞി ചായിന്റടി  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date