Skip to main content
മന്ത്രി കെ. രാധാകൃഷ്ണൻ ചേർപ്പ് ഹൈടെക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ സമത്വം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം : മന്ത്രി കെ രാധാകൃഷ്ണൻ

 

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാക്യഷ്ണൻ. വികസനത്തിന്റെ ആദ്യ പാഠം വിദ്യാഭ്യാസ സമത്വമാണെന്നും അത് ഉറപ്പാക്കാൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു. ചേർപ്പ് ഹൈടെക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ അഡ്മിഷന് വേണ്ടി സാധാരണക്കാരന് ക്യൂ നിൽക്കേണ്ട അവസ്ഥ ഇന്നില്ല. പകരം പാവപ്പെട്ടവന്റെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു.  സർക്കാർ സ്കൂളിലേയ്ക്ക് എല്ലാവരും ഒരു പോലെ വരികയാണ്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തോടൊപ്പം ആധുനിക സൗകര്യ നിലവാരത്തിലുമാണ് സർക്കാർ സ്കൂളുകൾ. വിദ്യാഭ്യാസ വളർച്ചയ്ക്ക് ഒപ്പം തന്നെ ദാരിദ്ര്യ നിർമാർജ്ജനത്തിലും  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്നും മന്ത്രി  കൂട്ടിച്ചേർത്തു.

പ്രഖ്യാപനങ്ങൾ അല്ല മറിച്ച് പ്രവർത്തികളാണ്  സംസ്ഥാന സർക്കാരിന്റെ വിജയത്തിന് കാരണമെന്ന്   ചടങ്ങിൽ അധ്യക്ഷത വഹിച്ച സി സി മുകുന്ദൻ എം എൽ എ പറഞ്ഞു.  സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് ഫർണിച്ചർ വാങ്ങാൻ രണ്ടരക്കോടി രൂപ ജില്ലാ പഞ്ചായത്ത്  അനുവദിച്ചിട്ടുണ്ടെന്നും  ചേർപ്പ് സ്കൂളിൽ  ശുദ്ധജലം ഉറപ്പാക്കാനായി കുഴൽകിണർ സംവിധാനം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അറിയിച്ചു.

15,353 ചതുരശ്രടി വിസ്തീർണമുള്ള  കെട്ടിടത്തിൽ അക്കാദമിക ബ്ലോക്ക്‌, 1934 ചതുരശ്രടി വിസ്തീർണമുള്ള  ഒരു കിച്ചൻ ബ്ലോക്ക്‌ എന്നിവയാണ് കെട്ടിടത്തിൽ നിർമിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും ആറ് ക്ലാസ് മുറികൾ വീതമുണ്ട്. മുകളിലത്തെ നിലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ, ഒരു കോമൺ സിറ്റിങ് ഏരിയ, സ്പെഷ്യൽ കെയർ റൂം എന്നിവയാണുള്ളത്. താഴത്തെ നിലയിൽ സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, കിച്ചൺ ഡൈനിങ് ഹാൾ, ലാബ് എന്നിവയും ഉണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവിക്കുന്ന കുട്ടികൾക്കായി സ്കൂളിലേയ്ക്ക് കയറാനായി പ്രത്യേക റാംപ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിഫ്ബി  ഫണ്ടിൽ നിന്ന് കൈറ്റിന്റെ മേൽനോട്ടത്തിൽ  അഞ്ച് കോടി രൂപ ചെലവിലാണ്  പുതിയ കെട്ടിടം പണിതിരിക്കുന്നത്.  
ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കളിയത്ത്, ജില്ലാ പഞ്ചായത്തംഗം വി ജി വനജ കുമാരി, മുൻ എംഎൽഎ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, കൈറ്റ്  പ്രോജക്ട് മാനേജർ ബിന്ദു ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ എം പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date