Skip to main content

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സ്ഥാപനങ്ങളുടെ യോഗം വിളിക്കും

 

കൊച്ചി: ജില്ലയില്‍ ഷോപ്പിങ് മാളുകള്‍ അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം കുറയ്ക്കുന്നതിനും പേപ്പര്‍ ബാഗുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെ യോഗം വിളിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാനിറ്റേഷന്‍ സമിതി തീരുമാനിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കും. പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ 13 തദ്ദേശസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്നതിനും ഗാര്‍ഹിക മാലിന്യ ശേഖരണത്തിനായ് ഹരിത കര്‍മ്മ സേനയെ രൂപീകരിക്കുന്നതിനുമായുള്ള പ്രാരംഭ നടപടികള്‍ ശുചിത്വമിഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ  ബ്ലോക്കു തലത്തില്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുമായി കളക്ഷന്‍ സെന്ററുകളെ ബന്ധിപ്പിച്ച് അജൈവ മാലിന്യ സംസ്‌കരണം ഊര്‍ജിതമാക്കും. മാലിന്യ സംസ്‌കരണത്തിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിരന്തര നിരീക്ഷണമുണ്ടാകണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും, വിദ്യാലയങ്ങളിലും എല്ലാ പരിപാടികള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കണമെന്നും സമിതി തീരുമാനിച്ചു.

date