Skip to main content

പദ്ധതി ആസൂത്രണം; സാമൂഹ്യ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കണം: കലക്ടര്‍

സാമൂഹ്യമായ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന്  ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കപ്പുറം സാമൂഹ്യമായ കാഴ്ചപ്പാടുകള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ പഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുത്തണം. ഓരോ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യങ്ങള്‍ മാറി മാറി വരും അതനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയണം ജില്ലാ കലക്ടര്‍  പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന നവകേരള സൃഷ്ടിക്കായുള്ള വികസന പ്രവര്‍ത്തനങ്ങാളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതോടൊപ്പം വിവിധ വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളും നടന്നു. വികസന സമീപനം, വികസന കാഴ്ചപ്പാട്, വര്‍ക്കിങ്  ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച വികസന രേഖ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.
എല്ലാ മേഖലയിലുമുള്ള വികസനമാണ്  ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അതിനുതകുന്ന വിധത്തിലുള്ള പദ്ധതികളാണ് വികസനരേഖയിലുള്ളത്. വാതില്‍പ്പടി സേവനത്തിനൊപ്പം വാര്‍ഡ് തല സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. മാലിന്യ സംസ്‌കരണത്തില്‍ ഏറെ മുന്നേറാനായി.  അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരം എന്ന നിലയില്‍ ഖരമാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. അവഗണിക്കപ്പെടുന്ന ജനതയെ കൂടി കൈപിടിച്ചുയര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രേഖ വ്യക്തമാക്കുന്നു.  വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ യു പി ശോഭ അഡ്വ. ടി സരള  അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ഇ എന്‍ സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
 

date