Skip to main content

സംസ്ഥാനത്തുടനീളം മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ ആരംഭിക്കും: മന്ത്രി സജി ചെറിയാൻ 

വിഷലിപ്തമായ മത്സ്യങ്ങൾ പൂർണതോതിൽ ഉൻമൂലനം ചെയ്ത് ഗുണനിലവാരമുള്ളവ ലഭ്യമാക്കാൻ സംസ്ഥാനത്തുടനീളം മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഒരു നിയമസഭാ നിയോജക മണ്ഡലത്തിൽ ഒരു ഫിഷ് മാർട്ട് എന്ന പദ്ധതി നടപ്പിലാക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ' മത്സ്യഫെഡ്' ഫിഷ്മാർട്ടിന്റെ  കുരിയച്ചിറയിലെ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സമുദ്രങ്ങളിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ രാസവസ്തുക്കളോ മറ്റ് വിഷമോ കലർത്താതെ ഗുണ നിലവാരത്തോടെ ന്യായമായ വിലയ്ക്ക്  ജനങ്ങൾക്ക് ലഭിക്കണം. അതിനായി മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. സമുദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളാണ് നിലവിൽ ഫിഷ്മാർട്ട് വഴി വിപണനം ചെയ്യുന്നത്. ഉൾനാടൻ മത്സ്യങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ സർക്കാർ ഉടനടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷ്മാർട്ടുകൾ വഴി 75 കോടി രൂപയുടെ വരുമാനമാണ് സർക്കാരിന് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മത്സ്യത്തിന്റെയും മത്സ്യ ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്  നടപ്പിലാക്കിവരുന്ന ഫിഷ്മാർട്ടിന്റെ കേരളത്തിലെ 111-ാമത്തെയും ജില്ലയിൽ അഞ്ചാമത്തെയും ശാഖയാണ് കുരിയച്ചിറയിലേത്. 
അമലനഗർ, ചെമ്പുക്കാവ്, ഇരിങ്ങാലക്കുട, പട്ടിക്കാട് എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റു ശാഖകൾ. ചേറ്റുവ, പൊന്നാനി, കൊച്ചി തുടങ്ങിയ ഹാർബറുകളിൽ നിന്നും ഫിഷ്ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും സംഭരിക്കുന്ന 25ൽ പരം മത്സ്യങ്ങളാണ് ന്യായവിലയ്ക്ക് മാർട്ടിലൂടെ വിപണനം നടത്തുന്നത്. 

കടൽ, കായൽ മത്സ്യങ്ങൾക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാനറ്റിൽ ഉൽപ്പാദിപ്പിക്കുന്ന  ചെമ്മീൻ അച്ചാറുകൾ, ഫിഷ് കട്‌ലറ്റ്, എന്നിവയും മത്സ്യ കറിക്കൂട്ടുകൾ, ചെമ്മീൻ ചമ്മന്തിപൊടി തുടങ്ങിയ ഉൽപ്പന്നങ്ങളും ലഭ്യമാണ്. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ കുറക്കുന്നതിന് മത്സ്യഫെഡ് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കൈറ്റോൺ ഫിഷ്മാർട്ടിൽ  ലഭ്യമാണ്. മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി പൂർണ്ണമായും ശീതീകരിച്ച മാർട്ടിൽ ഏതിനം മത്സ്യവും ഉപഭോക്താവിന് വെട്ടി വൃത്തിയാക്കി നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ  മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മാനേജിങ് ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ മാനേജർ കെ കെ ബാബു,  കൗൺസിലർ സിന്ധു ആന്റോ ചാക്കോള, മത്സ്യഫെഡ് സമിതി അംഗങ്ങൾ, മത്സ്യത്തൊഴിലാളി യൂണിയൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date