Skip to main content
 കാസര്‍കോട് പള്ളിക്കരയില്‍ ഭക്ഷ്യസുരക്ഷ ഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ ടി ജലീല്‍ സംസാരിക്കുന്നു.

കുടുംബശ്രീ സുപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

    ഃ കുടുംബശ്രീയില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്കുകൂടി അംഗത്വം നല്‍കുന്നു
    ഃപുതുസംരംഭങ്ങള്‍ ആരംഭിക്കും

    കുടുംബശ്രീയുടെ അംഗത്വം 45 ലക്ഷത്തില്‍ നിന്നും ഒരു കോടിയായി വര്‍ധിപ്പിക്കുമെന്നും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ പുതുസംരംഭങ്ങള്‍ ആരംഭിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കുടുംബശ്രീയില്‍ അംഗത്വമുള്ളവരുടെ വീടുകളില്‍ നിന്ന് വിദ്യാസമ്പന്നയായ ഒരാള്‍ക്കുകൂടി അംഗത്വം നല്‍കും. നിലവില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്. കുടുംബശ്രീയെ ഒരു കോടി അംഗങ്ങളുള്ള മഹാപ്രസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
    കാസര്‍കോട് പള്ളിക്കരയില്‍ ഭക്ഷ്യസുരക്ഷ ഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി ജലീല്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപങ്ങളിലും കുടുംബശ്രീയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒരുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്ക് തങ്ങളുടെ ഉലപ്ന്നങ്ങള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കാം. ഈ വര്‍ഷം 200 തദ്ദേശസ്ഥാപനങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ആരംഭിക്കും. ഒരു സ്‌കൂളിന് 25 ലക്ഷം രൂപ വീതമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും. കുടുംബശ്രീയില്‍ പുതുതായി അംഗത്വം ലഭിക്കുന്ന യോഗ്യയുള്ളവര്‍ക്ക് ഈ സ്‌കൂളുകളില്‍ ജോലിയും നല്‍കും. ബഡ്‌സ് സ്‌കൂള്‍ അധ്യാപികയ്ക്ക് 25,000 രൂപയാണ് പ്രതിമാസ ശമ്പളം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
    കുടുംബശ്രീയുടെ സ്‌നേഹിത പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിക്കും. കുടുംബശ്രീയിലെ സഹോദരിമാര്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌നേഹിതയിലൂടെ ഓരോ ജില്ലയിലും മുഴുവന്‍ സമയ വനിത അഭിഭാഷകയെയും നിയോഗിക്കും.
    വിദ്യാഭ്യാസവും യോഗ്യതയുമുള്ള പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുതുസംരംഭങ്ങള്‍ ആരംഭിക്കും. ബീഫാം യോഗ്യയുള്ള യുവതികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കും. ഫിസിയോ തെറാപ്പി കോഴ്‌സുകള്‍ പാസായവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ ഫിസിയോ തെറാപ്പി സെന്ററുകള്‍, ഹോം നഴ്‌സുമാരെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിന് കുടുംബശ്രീ ഹോം നഴ്‌സിംഗ് സ്ഥാപനങ്ങള്‍, കോഴിക്കോട് രണ്ടു അയല്‍ക്കുട്ടങ്ങള്‍ ചേര്‍ന്ന് വിജയകരമായ തുടക്കംകുറിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താമസസംവിധാനമായ ഷീ ഹോം, വീടുകളും ഫ്‌ളാറ്റുകളും വൃത്തിയാക്കുന്നതിനുള്ള ക്ലീന്‍ കേരള കമ്പനി എന്നിങ്ങനെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. എംബിബിഎസ് യോഗ്യതയുള്ളവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ ക്ലിനിക്കുകളും ആരംഭിക്കാം.  അലോപ്പതി, ആയൂര്‍വേദം, ഹോമിയോ യോഗ്യതകള്‍ ഉള്ളവരെല്ലാം ചേര്‍ന്ന് കുടുംബശ്രീയുടെ കീഴില്‍ ക്ലിനിക്കുകള്‍ ആരംഭിക്കാമെന്നും മന്ത്രി പറഞ്ഞു.

date