Skip to main content
കൊടുങ്ങല്ലൂർ നഗരസഭയിലെ വാതിൽപ്പടി സേവനം പരിശീലന ശില്പശാല നഗരസഭ വൈസ് ചെയർപേഴ്സൺ കെ ആർ ജൈത്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കൊടുങ്ങല്ലൂർ നഗരസഭയിൽ വാതിൽപ്പടി സേവനം പദ്ധതി പരിശീലന ശിൽപശാല

 

കൊടുങ്ങല്ലൂർ നഗരസഭയിൽ വാതിൽപ്പടി സേവനം പദ്ധതി പരിശീലന ശിൽപശാലയ്ക്ക് തുടക്കമായി. വാതിൽപ്പടി സേവനം പദ്ധതി  നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ഹെൽപ്പർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് രണ്ടു ദിവസത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. 1 മുതൽ 22 വരെ വാർഡുകളിലുള്ളവർക്ക് ആദ്യദിവസവും രണ്ടാമത്തെ ദിവസം 23 മുതൽ 44 വരെ വാർഡിലുള്ളവർക്കുമാണ്  കിലയുടെ നേതൃത്വത്തിൽ   പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹത്തിലെ  അർഹരായവരുടെ പടിവാതിൽക്കൽ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപീകരിച്ച
പദ്ധതിയാണ് വാതിൽപ്പടി സേവനം. തുടർച്ചയായി പൊതുപ്രവർത്തനം നടത്തുവാൻ തൽപരരായ ഒരു വിഭാഗത്തെ രൂപീകരിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഗുണഭോക്താക്കൾക്ക് സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത.  ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരാവയരുടെ വീട്ടുപടിക്കൽ എത്തിക്കും. പ്രായാധിക്യം  മൂലം വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്നവർ,   അസുഖബാധിതർ, ഒറ്റപ്പെട്ട് താമസിക്കുന്ന ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ, അതി ദരിദ്രർ  തുടങ്ങിയവർക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. അവർക്കാവശ്യമായ ഭക്ഷണം, ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, ആശുപത്രിയിൽ കൊണ്ടു പോകുക, മറ്റു സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുക എന്നീ ആവശ്യമായ സഹായങ്ങളും ചെയ്യും. നഗരസഭ ടൗൺഹാളിൽ നടന്ന പരിശീലന പരിപാടി വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

date