വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളത്തെ മാറ്റും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തോട്ടട വെസ്റ്റ് യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനമാണ് കേരളത്തിന്റെ മൂലധനം. അതിനെ ഉപയോഗപ്പെട്ടത്തി എങ്ങിനെ നേട്ടം കൊയ്യാം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമാണ് കെ ഡിസ്‌ക് പദ്ധതി. ഇത് വഴി വരുന്ന നാലു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. തദേശ സ്വയംഭരണ സ്ഥാപനങ്ങളെ തൊഴിൽദാതാവാക്കി മാറ്റും. ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കേരളം മാറുകയാണ്. എല്ലാവരുടെയും പിന്തുണയോടെ കേരളത്തെ തൊഴിലില്ലാത്ത സംസ്ഥാനമാക്കി മാറ്റും-മന്ത്രി പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ ഷബീന കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർമാരായ ബിജോയ് തയ്യിൽ, കെ വി അനിത, സ്വാഗത സംഘം ചെയർമാൻ വി കെ രഞ്ജിത്ത് കുമാർ, ജനറൽ കൺവീനർ കെ സി ഗിരീഷ് ബാബു, പി ടി എ പ്രസിഡണ്ട് കെ ലതീഷ്, കണ്ണൂർ സൗത്ത് ബിപിസി വിനോദ് കുമാർ, സ്‌കൂൾ മാനേജർ വി കെ മീറ, പ്രോഗ്രാം കൺവീനർ പി ഷിജു, മറ്റ് ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments