Skip to main content

ക്ലീന്‍ പുന്നയൂര്‍ക്കുളം : വനിത സംരംഭ പദ്ധതികളുമായി പുന്നയൂര്‍ക്കുളം പഞ്ചായത്ത്

 

 

ക്ലീന്‍ പുന്നയൂര്‍ക്കുളം എന്ന ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കാന്‍ വിവിധ പദ്ധതികളുമായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ആദ്യ ഘട്ടമായി പഞ്ചായത്തിനെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനായി തുണി സഞ്ചി, ബാഗ്, പേപ്പര്‍ ബാഗ് എന്നിവ നിര്‍മ്മിക്കും. വനിത സംരംഭങ്ങള്‍ വഴിയാണ് നിര്‍മ്മാണം നടത്തുക. അഞ്ച് ലക്ഷം രൂപ വനിത സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പഞ്ചായത്ത് വകയിരുത്തി. ഈ സംരംഭങ്ങള്‍ വഴി വനിതള്‍ക്ക് വരുമാനം കണ്ടെത്താനും സ്വയം പര്യാപ്തത കൈവരിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വഴി വീടുകള്‍ കേന്ദ്രീകരിച്ച് ഉപയോഗ ശൂന്യമായ തുണികള്‍ ശേഖരിക്കും. ശേഖരിച്ച തുണികള്‍ കൊണ്ട് ബാഗ്, സഞ്ചി എന്നി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നേരത്തെ വനിതകള്‍ക്ക് കുടുംബശ്രീ മുഖേന തുണി സഞ്ചി നിര്‍മ്മാണത്തിനുള്ള പരിശീലനം നല്‍കിയിരുന്നു. ഇതിനായി ഒരു യൂണിറ്റും സജ്ജീകരിച്ച് ഇവിടെ തുണിസഞ്ചി നിര്‍മ്മാണത്തിനുള്ള തയ്യല്‍ മെഷീനും ഒരുക്കിയിട്ടുണ്ട്. പേപ്പര്‍ ബാഗ് നിര്‍മ്മാണത്തിനുള്ള മെഷ്യന്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. ഇവിടേക്ക് ആവശ്യമായ വൈദ്യുതി കണക്ഷന്‍ കൂടി ലഭ്യമാക്കിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു. കൂടാതെ സ്റ്റീല്‍ പാത്രങ്ങള്‍ വാടയ്ക്ക് കൊടുക്കുന്ന സംരംഭവും നടപ്പാക്കും. ഒരു രൂപയ്ക്ക് ഒരു പാത്രം എന്ന രീതിയില്‍ മിതമായ നിരക്കിലാണ് വാടക. നിലവില്‍ ഓരോ വാര്‍ഡിലും 200 പാത്രങ്ങളും 200 ക്ലാസുകളും ഉണ്ട്. ഇതെല്ലാം ക്രോഡീകരിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഖേനയാണ് വിതരണം ചെയ്യുക. ഇതു വഴി പഞ്ചായത്തിനെ പ്രകൃതി സൗഹൃദമാക്കാനും വനിതകള്‍ക്ക് സ്വയം പര്യാപ്തത നേടാനും കഴിയും.

date