Skip to main content

ദുരിതബാധിതർക്ക് ആശ്വാസമേകി മന്ത്രി മലയോരമേഖലയിൽ മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് എല്ലാ സഹായവും നൽകും: മന്ത്രി വി.എൻ. വാസവൻ - മൂന്നിലവ് കടപ്പുഴ പാലത്തിന് തുക അനുവദിക്കും

കോട്ടയം: മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലെ മഴക്കെടുതിയും ഉരുൾപൊട്ടൽമൂലം നാശവും നേരിട്ട പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തിൽ തകർന്ന മൂന്നിലവ് കടപ്പുഴ പാലം പുനർനിർമിക്കാൻ
പട്ടികജാതി-പട്ടികവർഗ വകുപ്പിൽനിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നിലവ് ടൗണിൽ വെള്ളം കയറാൻ കാരണമായ മീനച്ചിലാറിലെ ചെക്ക് ഡാം പൊളിച്ചു മാറ്റാൻ നടപടിയെടുക്കും.
മേലുകാവ് വാകക്കാട് കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലവും എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. മഴക്കെടുതിയിൽ വളർത്തു മൃഗങ്ങളും പന്നി ഫാമും വാഹനവും ഒലിച്ചുപോയ വാകക്കാട് വയമ്പള്ളിൽ ഔസേഫിന്റെ വീടും കൃഷിയിടവും ഫാമും മന്ത്രി സന്ദർശിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാൻ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. മൂന്നിലവ് ടൗണിലെ വെള്ളം കയറിയ കടകളും മന്ത്രി സന്ദർശിച്ചു. ഈരാറ്റുപേട്ടയിൽ മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞ തടവനാൽ ബൈപാസ് റോഡ് മന്ത്രി സന്ദർശിച്ചു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഫോട്ടോകാപ്ഷൻ

ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകർന്ന മേലുകാവ് വാകക്കാട് കളത്തുകടവ് റോഡിലെ മണ്ണൂർ പാലം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിക്കുന്നു.

മേലുകാവ് പഞ്ചായത്തിലെ എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചപ്പോൾ.

ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും ഫാമും നഷ്ടപ്പെട്ട വാകക്കാട് വയമ്പള്ളിൽ ഔസേഫിന്റെ വീട് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചപ്പോൾ.

ഈരാറ്റുപേട്ടയിൽ മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് തടവനാൽ ബൈപാസ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചപ്പോൾ.

 

(കെ.ഐ.ഒ.പി.ആർ. 1813/2022)

date