Skip to main content

മലബാറിന്റെ വിനോദസഞ്ചാര വികസനം സര്‍ക്കാര്‍ ലക്ഷ്യം-മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാഹസിക ടൂറിസത്തിന് മലബാറില്‍ വലിയ സാധ്യതകളുണ്ടെന്നും അവ ഉപയോഗപ്പെടുത്താനായാല്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ പുരോഗതി നേടാന്‍ സാധിക്കുമെന്നും സഹകരണ,വിനോദസഞ്ചാര,ദേവസ്വം വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ  പ്രവര്‍ത്തി  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരക്കോടി രൂപ പദ്ധതിക്കായി വിലയിരുത്തിയിട്ടുണ്ടെന്നും പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദേഹം പറഞ്ഞു. ഉത്തരവാദിത്ത ടൂറിസമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിലൂടെ പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കണം. പ്രകൃതിക്ക് മങ്ങലേല്‍ക്കാത്ത വിനോദ സഞ്ചാര വികസനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 പേര്‍ വിട്ടു നല്‍കിയ 3 ഏക്കറിലധികം സ്ഥലം ഉപയോഗപ്പെടുത്തിയാണ് നമ്പികുളം ഇക്കോപ്രൊജക്ട് യാഥാര്‍ത്ഥ്യമാവുന്നത്. പ്രദേശവാസികള്‍ക്ക് ഉപകാരപ്രദമാവുന്ന തരത്തിലാണ് പദ്ധതി. കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. മലയുടെ മുകളില്‍ നിന്ന് കണ്ണൂര്‍ ധര്‍മ്മടം തുരുത്തും കോഴിക്കോട് നഗരവും കാണാം എന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കായി ട്രക്കിംഗ് പോലുള്ള വിനോദങ്ങള്‍ക്കും ഇവിടെ സാധ്യത ഏറെയാണ്.
കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു.  

date