Skip to main content

ഇരവിപേരൂര്‍ പഞ്ചായത്ത് പ്രദേശം ജൈവസാംസ്‌കാരിക വൈവിധ്യപാര്‍ക്കായി മാറും

 

ചരിത്രവും പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് പഞ്ചായത്ത് {പദേശം ജൈവ സാംസ്‌കാരിക വൈവിധ്യ പാര്‍ക്കായി മാറ്റാന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി. ആദി പമ്പ വരട്ടാര്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തില്‍ നടന്ന പദ്ധതി രൂപീകരണ ശില്പശാലയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരിക്കും ജൈവ സാംസ്‌കാരിക വൈവിധ്യ പാര്‍ക്ക് ആക്കി മാറ്റുക. 

പഞ്ചായത്തില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ സര്‍വേ നടത്തും. ആദി പമ്പ വരട്ടാര്‍ തീരത്ത് നിര്‍മിക്കുന്ന ജൈവ സാംസ്‌കാരിക വൈവിധ്യ പാര്‍ക്കിന്റെ ഭാഗമായി ജില്ലയുടെ ഐതിഹ്യവും ചരിത്രവും കാര്‍ഷിക പാരമ്പര്യവും സമന്വയിപ്പിച്ച് മ്യൂസിയവും ഒരുക്കും. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി നാടന്‍ സസ്യങ്ങളും വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. പൂമ്പാറ്റ, തേനീച്ച എന്നിവയെ ആകര്‍ഷിക്കാനായി പൂന്തോട്ടവും നാടന്‍ ഫലവൃക്ഷ തോട്ടവും ക്രമീകരിക്കും. വരട്ടാര്‍ തീരത്തെ വെള്ളപ്പൊക്ക ഭീഷണി സാധ്യതകള്‍ കണക്കിലെടുത്താകും പാര്‍ക്കിന്റെ നിര്‍മാണം. 

വരട്ടാറിന്റെ സമീപത്ത് താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് കൂടി പാര്‍ക്കിന്റെ വരവ് സഹായിക്കും. ഒപ്പം പുതു തലമുറയ്ക്ക് പ്രകൃതിയെ പഠിക്കാനുള്ള പാഠശാലയായി ഇരവിപേരൂര്‍ ജൈവ           സാംസ്‌കാരിക പാര്‍ക്ക് മാറണമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആനന്ദവും ആദായവും ഒരുമിപ്പിച്ച് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിലേക്കുള്ള ആദ്യപടി കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയിലുള്ള ജൈവ സാംസ്‌കാരിക വൈവിധ്യ പാര്‍ക്കിലൂടെ ലക്ഷ്യമിടുകയാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ജൈവപരിപാലന  സമിതികള്‍ രൂപീകരിക്കും. ഗ്രാമപഞ്ചായത്തിനെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതിയും ഫിലമെന്റ്‌ലെസ് പഞ്ചായത്ത് പദ്ധതിയും ഇതുമായി സംയോജിപ്പിക്കും. 

പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.രാജീവ് വിഷയാവതരണം നടത്തി. സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.രമാദേവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി ഡോ.വി.ബി ശ്രീകുമാര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജനീയര്‍ വി.പ്രവീണ്‍, സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.എസ് ദിലീപ് , ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സ്വപ്നാ ദാസ്, ഡോ കെ.രാജു തോമസ് , ഡോ.ജേക്കബ് തോമസ്, ഡോ. അഭിലാഷ്, ജനകീയാസൂത്രണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ.വാസു, പഞ്ചായത്ത് സെക്രട്ടറി എസ്.സുജാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിശദമായ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണ ശില്പശാല ആഗസ്റ്റ് എട്ട്, ഒമ്പത്      തീയതികളില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കും. 

       (പിഎന്‍പി 2099/18)

date