അഞ്ചരക്കണ്ടി പുഴ സംരക്ഷണം: ആദ്യ വിശദ പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു
അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ വിശദ പഠന റിപ്പോര്‍ട്ടിന്റെ ആദ്യ ഘട്ട ചര്‍ച്ച നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പുഴയുടെ ജൈവഘടന നിലനിര്‍ത്തിക്കൊണ്ടുള്ള അരിക് സംരക്ഷണം, പുഴ മധ്യത്തിലെ കാടുകള്‍ നീക്കം ചെയ്യല്‍, ഉപ്പുവെള്ള പ്രശ്‌നം തടയല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. ആദ്യഘട്ടത്തില്‍ മുള, ഈറ്റ, കണ്ടല്‍ എന്നിവ നട്ടുപിടിപ്പിച്ചും കയര്‍ ഭൂവസ്ത്രവിതാനം, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല യോഗങ്ങള്‍ ചേരും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അന്തിമ വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.
സി ഡബ്‌ള്യു ആര്‍ ഡി എം ആണ് വിശദമായ പഠന റിപ്പോര്‍ട്ടിന്റെ കരടുരേഖ തയ്യാറാക്കി അവതരിപ്പിച്ചത്. ജില്ലാപഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാപഞ്ചായത്തംഗം കെ വി ബിജു, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, മണ്ണ് ജലസംരക്ഷണം, ഇറിഗേഷന്‍, കയര്‍ഫെഡ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവ വൈവിധ്യ ദുരന്തനിവാരണ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments