Skip to main content
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷൻ സംഘടിപ്പിച്ച " ലഹരിക്കെതിരെ ജനകീയ പ്രതിരോധം " സൈക്കിൾ റാലി  എക്സൈസ് ഡെപ്യൂട്ടി  കമ്മീഷണർ വി രാജേന്ദ്രൻ കോഴിക്കോട് ബീച്ച് പരിസരത്ത്വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ലഹരിക്കെതിരെ വിമുക്തി മിഷന്റെ റിപബ്ലിക് യൂത്ത് റൈഡ്

ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്തി വിമുക്തി മിഷൻ സൈക്കിൾ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക് യൂത്ത് റൈഡ് എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ വി.രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നടത്തുന്ന ലഹരി ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റിപ്പബ്ലിക് ദിനത്തിൽ സൈക്കിൾ റാലി നടത്തിയത്.

കോഴിക്കോട് സൗത്ത് ജില്ലാ ഹയർ സെക്കൻഡറി എൻ എസ് എസ്, ഗ്രീൻ കെയർ മിഷൻ, ഗ്രാൻഡ് സൈക്കിൾ ചലഞ്ച് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. എൻ എസ് എസ് യൂണിറ്റ് അംഗങ്ങളായ കുട്ടികളും സൈക്കിൾ റൈഡേഴ്‌സ് ക്ലബ് അംഗങ്ങളും ഉൾപ്പെടെ 100 പേർ റാലിയിൽ പങ്കെടുത്തു. ഇസാഫ്, ആസ്റ്റർ മിംസ്, കൊടിഞ്ഞി പെഡ്ലേഴ്‌സ് എന്നിവരും സൈക്കിൾ റാലിയിൽ പങ്കാളികളായിരുന്നു.

കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസിന്റെ മുൻവശത്ത് നിന്നാരംഭിച്ച റാലി കുറ്റിച്ചിറയിൽ പൗര പ്രമുഖരുടെയും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ബോധവത്ക്കരണ സന്ദേശങ്ങൾ കൈമാറി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ നാടകം എന്നിവ അരങ്ങേറി. തുടർന്ന് നടക്കാവ് എരഞ്ഞിപ്പാലം വഴി കാരപ്പറമ്പിൽ പ്രവേശിച്ച് കരുവശ്ശേരി എം ഭാസ്കരൻ സ്മാരക പകൽ വീട്ടിൽ സമാപിച്ചു.

സമാപന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു. പകൽവീട് കൺവീനർ കെ പി സോമൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.സുഗുണൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മാനേജർ എ.ജെ ബെഞ്ചമിൻ, ജില്ലാ വിമുക്തി കോർഡിനേറ്റർ പ്രിയ, എക്സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടന്നു.

date