Skip to main content
74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ ദേശീയപതാക ഉയര്‍ത്തി

മതനിരപേക്ഷതയും ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ: മന്ത്രി എം.ബി രാജേഷ്

 

മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.ഇന്ത്യ എന്ന ആശയത്തെ ഒരു രാഷ്ട്ര സങ്കല്‍പമാക്കി ഉയര്‍ത്തുകയാണ് ഭരണഘടന ചെയ്തത്. ഭരണഘടന ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആകെ ഉത്പന്നമാണ്. കഴിഞ്ഞ 73 വര്‍ഷം ഭരണഘടനയുടെ സുശക്തമായ അടിത്തറയിലും ഭരണഘടന ഒരുക്കിയ സുദൃഢമായ ചട്ടക്കൂടിലുമാണ് ഇന്ത്യ ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഉയര്‍ന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ ദേശീയപതാക ഉയര്‍ത്തി, പരേഡ് വീക്ഷിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയുടെ അടിത്തറ ആമുഖത്തില്‍ വ്യക്തമാക്കുന്നതുപോലെ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവുമാണ്. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയാണ് ഭരണഘടനയുടെ മൂല്യങ്ങള്‍. ഈ മൂല്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനുള്ള പ്രയാണമാണ് കഴിഞ്ഞ 73 വര്‍ഷമായി നാം നടത്തുന്നത്. ഈ ലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തിക്കുന്നതിന് ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കാനുണ്ട്. സ്വാതന്ത്ര്യത്തിന് അര്‍ത്ഥം നല്‍കിയതും സ്വാതന്ത്ര്യം മുന്നോട്ടുവെച്ച ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ ദിശാബോധം നല്‍കിയതും ഭരണഘടനയാണ്. ഭാവി ഇന്ത്യ എങ്ങനെയായിരിക്കണം എന്നാണ് ഭരണഘടന നമ്മുടെ മുന്നില്‍ ലക്ഷ്യമായി വെച്ചത്.ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കൈവരിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ പലതും മതരാഷ്ട്രങ്ങളായതും പട്ടാളഭരണത്തിലായതും അവിടെയെന്നും ജനാധിപത്യം പുലരാതിരുന്നതും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഉറച്ച അടിത്തറയില്‍ നിന്നുകൊണ്ട് മുന്നോട്ടുപോയത് കൊണ്ടാണ് ഇന്ത്യക്ക് ഈ രാജ്യങ്ങളെക്കാള്‍ നേട്ടവും പുരോഗതിയും കൈവരിക്കാനായത്. മതനിരപേക്ഷതയില്‍ നിന്നും ജനാധിപത്യത്തില്‍ നിന്നുമുള്ള ഏത് വ്യതിചലനവും നമ്മെ പിന്നോട്ടടിക്കും. ജനാധിപത്യവും മതനിരപേക്ഷതയും പരസ്പര പൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍ക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിനകത്ത് മാത്രമേ മതനിരപേക്ഷതയ്ക്ക് നിലനില്‍ക്കാനാകൂ. 73 വര്‍ഷത്തിനിടയില്‍ രാജ്യത്തിന് ധാരാളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക ശക്തി എന്ന നിലയില്‍ വലിയ വളര്‍ച്ച നേടി. കാര്‍ഷികോത്പാദനത്തിലും വലിയ വളര്‍ച്ച കൈവരിച്ചു. ഭരണഘടന ലക്ഷ്യം വെക്കുന്ന നേട്ടങ്ങളിലൊന്നാണ് സമത്വം. അസമത്വം അതിതീവ്രമായി വളര്‍ന്നുവരുന്ന ഒരു കാലത്തെയാണ് അഭിമുഖീകരിക്കുന്നത്. ഭരണഘടന ലക്ഷ്യങ്ങള്‍ കൈവരിക്കുക മറ്റെന്നത്തേക്കാളും പ്രധാനമണ്. സമ്പത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണം ഒഴിവാക്കേണ്ടതാണെന്ന് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ അനുച്ഛേദം 39 ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കുമെതിരെ 73 വര്‍ഷങ്ങള്‍ക്കിടെ പലപ്പോഴും വലിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി മുന്നോട്ടുപോയിട്ടുള്ളത്. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും നേരെ മുന്‍പ് ഒരുകാലത്തും ഇല്ലാത്ത വെല്ലുവിളികളാണ് ഇന്ന് ഉയര്‍ന്നുവരുന്നത്. വര്‍ഗീയത, ജാതീയത എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ഭരണഘടനയെ ഉയര്‍ത്തിപിടിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.
ചിറ്റൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജെ. മാത്യു പരേഡ് ചുമതല വഹിച്ചു. കേരള പോലീസ് സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്കോര്‍ട്ട് ക്യാമ്പ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയര്‍ഫോഴ്സ് സെല്‍ഫ് ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്സ്, ബാന്‍ഡ് എന്നിങ്ങനെ 30 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. മന്ത്രി എം.ബി രാജേഷ് പരേഡ് വീക്ഷിച്ചു. ഒന്നേകാല്‍ കിലോമീറ്ററുള്ള ബാനറില്‍ അഞ്ച് ഭാഷകളില്‍ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ച പുതുനഗരം എം.എച്ച്.എസിലെ അധ്യാപിക റംലയെ വിമുക്തി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മന്ത്രി എം.ബി രാജേഷ് ആദരിച്ചു. തുടര്‍ന്ന് മലമ്പുഴ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠന്‍, ഡി.എം.ഒ കെ.പി റീത്ത തുടങ്ങിയവര്‍ പങ്കെടുത്തു.

പരേഡ് വിജയികള്‍

ആര്‍മ്ഡ് യൂണിറ്റ്സ്

ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പ്-ഒന്നാം സ്ഥാനം
പാലക്കാട് ലോക്കല്‍ പോലീസ്-രണ്ടാം സ്ഥാനം

അണ്‍-ആര്‍മ്ഡ് യൂണിറ്റ്സ്

ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് പാലക്കാട്-ഒന്നാം സ്ഥാനം
എക്സൈസ് പാലക്കാട്-രണ്ടാം സ്ഥാനം

എന്‍.സി.സി

27-ാം ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ് ഗേള്‍സ്, മേഴ്സി കോളെജ് പാലക്കാട്-ഒന്നാം സ്ഥാനം
27-ാം ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ബോയ്സ്, ഗവ പോളിടെക്നിക് പാലക്കാട്-രണ്ടാം സ്ഥാനം

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (ആണ്‍കുട്ടികള്‍)

ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്-ഒന്നാം സ്ഥാനം
ഗവ ടെക്നിക്കല്‍ എച്ച്.എസ് പാലക്കാട്-രണ്ടാം സ്ഥാനം

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (പെണ്‍കുട്ടികള്‍)

ഗവ വിക്ടോറിയ ജി.എച്ച്.എസ്.എസ് ചിറ്റൂര്‍-ഒന്നാം സ്ഥാനം
കണ്ണാടി എച്ച്.എസ്.എസ്-രണ്ടാം സ്ഥാനം

date