Skip to main content

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് ജില്ലയിൽ തുടക്കം മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം നിർവഹിച്ചു

 

രണ്ടാം നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കരുമാലൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മാഞ്ഞാലി ചുവട് ജംഗ്ഷന് സമീപം നടന്ന യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

 വ്യക്തി ശുചിത്വത്തിൽ കൃത്യത കാണിക്കുന്ന മലയാളികൾ പൊതു ശുചിത്വത്തിനു പ്രധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ പൊതു ഇട മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റണം.  കളമശ്ശേരി മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. ഇതിന്റെ ഭാഗമായാണ് ശുചിത്വത്തിനൊപ്പം കളമശ്ശേരി മണ്ഡലം ക്യാമ്പയിൻ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീലത ലാലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവ കേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ എസ്. രഞ്ജിനി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എസ്.എൻ.ജി.ഐ.എസ്.റ്റി  ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നവകേരളം കർമ്മ പദ്ധതി  റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date