Skip to main content

മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയുമായി പാലക്കുഴ ഗ്രാമപഞ്ചായത്ത്

 

സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പു വരുത്തുന്നതിനായി മെൻസ്ട്രൽ കപ്പുകളുമായി  പാലക്കുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജയ നിർവഹിച്ചു.

സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത് വഴി കുടുംബങ്ങൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ഭാരവും ഇവ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം എന്നിവ  ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പാലക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ ജെന്റർ റിസോഴ്സ് സെന്ററിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

പദ്ധതിക്കായി 26,000 രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചത്. ഇതോടനുബന്ധിച്ച്  86 പേരാണ് ഇതിനോടകം മെൻസ്ട്രൽ കപ്പിലേക്ക് മാറിയത്. കൂടുതൽ പേരെ കൂടി പങ്കാളികളാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

മെൻസ്ട്രൽ കപ്പുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കിടയിൽ വ്യാപകമായ ആശങ്കകളും തെറ്റിദ്ധാരണകളുമാണുള്ളത്.  ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി കപ്പുകളുടെ ഉപയോഗം, സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ചുള്ള ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അവബോധം നൽകുന്നതിനായി  ബോധവൽക്കരണ പരിപാടിയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

date