Skip to main content

വൈപ്പിനില്‍ നിന്നുള്ള ബസുകളുടെ നഗര പ്രവേശനം: ചൊവ്വാഴ്ച യോഗം ചേരും

 

വൈപ്പിൻ ഭാഗത്തു നിന്നുളള സ്വകാര്യ സ്റ്റേജ് ക്യാരിയര്‍ വാഹനങ്ങളുടെ നഗര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ചൊവ്വാഴ്ച (ജനുവരി31 ) ന് 11 ന് ഓച്ചന്തുരുത്ത് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് കോണ്‍ഫറൻസ് ഹാളില്‍ ചേരും. 

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജോയിൻറ് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കെ മനോജ് കുമാറിൻറെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഹൈബി ഈഡൻ എം.പി,  മേയര്‍ അഡ്വ.എം.അനില്‍കുമാര്‍,  എം.എല്‍.എമാരായ കെ.എൻ.ഉണ്ണികൃഷ്ണൻ, ടി.ജെ.വിനോദ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ബസ് ഉടമകള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജനുവരി ആദ്യ വാരം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതിനിധി യോഗം ചേരുന്നത്. വൈപ്പിൻ, നോര്‍ത്ത് പറവൂര്‍, മുനമ്പം ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി അമ്പതോളം വാഹനങ്ങളാണ് നിലവില്‍ ഹൈക്കോടതി ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കുന്നത്. വൈപ്പിൻ പ്രദേശത്തു നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതു മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് പ്രശ്ന പരിഹാരത്തിനായി യോഗം ചേരുന്നത്. 

മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാശം ദേശസാല്‍കൃത റൂട്ടിൻറെ നിബന്ധനയില്‍ പരിഷ്കാരം വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക. അഭിപ്രായങ്ങള്‍ ആരായുക, പരാതികള്‍ പരിഹരിക്കുക എന്നിവയാണ്  യോഗത്തിൻറെ ലക്ഷ്യം.

date