Skip to main content

പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്ക് വായ്പ : വനിതാ വികസന കോര്‍പറേഷന് 56 ലക്ഷം സര്‍ക്കാര്‍ ഗ്യാരന്റി 

പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ 56 ലക്ഷം രൂപയുടെ ഗ്യാരന്റി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  

പട്ടികവര്‍ഗ വനിതകളുടെ വികസനത്തിന് കോര്‍പറേഷന്‍ മാതൃകാ പദ്ധതിയായി ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ വനമിത്രയ്ക്കും തീരുമാനം ഊര്‍ജ്ജം പകരും.  ഗ്രാമങ്ങളില്‍ 81,000 രൂപയ്ക്ക് താഴെയും നഗരപ്രദേശങ്ങളില്‍ 1,04,000 രൂപയ്ക്ക് താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കാണ് വായ്പ ലഭിക്കുക.  ഉദ്യോഗസ്ഥ/വസ്തു ഈടിന്മേല്‍ നല്‍കുന്ന പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പയ്ക്ക് ഒരു ലക്ഷം രൂപ വരെ നാല് ശതമാനം പലിശയും, രണ്ടു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശയും, അഞ്ച് മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എട്ട് ശതമാനം പലിശയും ഈടാക്കും.  

പട്ടികവര്‍ഗ വിഭാഗ വനിതകള്‍ കൂടി വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലെയും വനിതകളുടെ പുരോഗതി ഉറപ്പുവരുത്തുവാന്‍ കോര്‍പ്പറേഷനാകും. ശചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  വനിതകള്‍ക്ക് വായ്പാ സഹായം നല്‍കുന്ന കേന്ദ്ര ഏജന്‍സിയായ ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി ആക്കുന്നതിനും സര്‍ക്കാര്‍ ഗ്യാരന്റിക്കുമുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്.  

പി.എന്‍.എക്‌സ്.3480/18

date