Skip to main content

കൊക്കോതമംഗലം റിസർവ്വേ: പരാതി പരിഹാരത്തിന് റവന്യൂ-  കൃഷി മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി

 

 ചേർത്തല കൊക്കോതമംഗലം വില്ലേജിലെ റീ സർവ്വേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കുവാൻ റവന്യൂ- കൃഷി മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി. റീസർവ്വേ അപാകതകൾ മൂലം ചേർത്തലക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൃഷിമന്ത്രി പി പ്രസാദ് നേരിട്ട് ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഫലമായാണ് റവന്യൂ മന്ത്രി വിഷയത്തിൽ ഇടപെട്ട് ചേർത്തല താലൂക്ക് ഓഫീസിൽ പ്രത്യേക യോഗം വിളിച്ചത്. കൊക്കോതമംഗലം വില്ലേജിൽ മാത്രം റീസർവ്വേ സംബന്ധമായ 3480 പരാതികളാണ് കെട്ടിക്കിടക്കുന്നത്. നിലവിലെ റിസർവ്വേ പരാതികൾ പരിഹരിക്കുന്നതിന് കൃഷിമന്ത്രിയുടെ കൂടി നിർദ്ദേശം കണക്കിലെടുത്ത് പ്രത്യേക അദാലത്ത് അടക്കമുള്ള നടപടികളാണ് സ്വീകരിക്കുക എന്ന് റവന്യൂ മന്ത്രി അറിയിച്ചു. കൂടുതൽ സർവേയർമാരെ നിയമിക്കുന്നതിനൊപ്പം മറ്റ് അനുബന്ധ തസ്തികകളും ഇതിനായി ക്രമീകരിക്കും. സർവ്വേ ഡയറക്ടറുടെ നേതൃത്വത്തിൽ സർവ്വേ- റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഉടൻ ഇതിനായുള്ള സംവിധാനം ഒരുക്കും. സമയബന്ധിതമായി ഏറ്റവും വേഗത്തിൽ മുഴുവൻ പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടിയാണ് പരിഗണനയിൽ എന്ന് മന്ത്രിമാർ അറിയിച്ചു.

 ചേർത്തല മിനി സിവിൽ സ്റ്റേഷൻ അനെക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൃഷി മന്ത്രി റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ 28.27 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാറിന്റെ പരിഗണയിലാണ്. ലഭ്യമായ 4.56 കോടി കൂടാതെ 23.71 കോടി രൂപ കൂടി അനുവദിക്കേണ്ടതായിട്ടുണ്ട്. ചേർത്തല താലൂക്ക് ഓഫീസിന്റെ ശോചനീയാവസ്ഥ റവന്യൂ മന്ത്രി നേരിൽ കണ്ടു മനസ്സിലാക്കി. ചേർത്തല മിനി സിവിൽ സ്റ്റേഷൻ അനെക്സ് നിർമ്മാണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ധന, പൊതുമരാമത്ത്, റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം അടിയന്തരമായി തിരുവനന്തപുരത്ത് വിളിക്കും എന്ന് മന്ത്രിമാർ അറിയിച്ചു.
 ചേർത്തല മണ്ഡലത്തിലെ വിവിധ ദുരന്തനിവാരണ പ്രവർത്തികളുടെ പുരോഗതിയും റവന്യൂ മന്ത്രി വിലയിരുത്തി. ആലപ്പുഴ ജില്ലാ കളക്ടർ ഹരിത.വി.കുമാർ, എ.ഡി.എം സന്തോഷ് കുമാർ,കൃഷിമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എ. അരുൺകുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ  ആശാ.സി.എബ്രഹാം, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ). മോബി, ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) ശ്രീലത, ആലപ്പുഴ ജില്ല സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ സോമനാഥൻ, പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ റംല ബീവി, , ചേർത്തല തഹസിൽദാർ മനോജ്, ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടിതഹസിൽദാർ  പി.പി. മധു എന്നിവർ യോഗത്തിൽ പങ്കെടുത്തു

date