ജില്ലയില്‍ പട്ടയനടപടികള്‍ പുരോഗമിക്കുന്നു ഇതുവരെ വിതരണം ചെയ്തത് 7458 പട്ടയങ്ങള്‍
സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു . ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇടുക്കി ജില്ലയില്‍ 7458 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. നാലാമത് പട്ടയമേളയില്‍ ജില്ലയിലെ വിവിധ ഭൂമി പതിവ് ഓഫീസുകളില്‍ നിന്നും തയ്യാറാക്കിയ 1000 പട്ടയങ്ങളാണ് വിതരണം ചെയ്തത് . അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി കണ്ടെത്തി പട്ടയങ്ങള്‍ ഈ മേളയില്‍ വിതരണം ചെയ്യുകയാണ്. രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കളില്‍ നാളിതുവരെയായും ആധാരം ചെയ്ത് കൈമാറാതിരുന്ന കേസുകളില്‍ പട്ടയം നല്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. മറയൂര്‍ ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ 49 കുടുംബങ്ങള്‍ക്കും ഈ പട്ടയമേളയില്‍ ഭൂമിയുടെ രേഖ കൈമാറി. ഇടമലക്കുടി ഉള്‍പ്പെടുന്ന ഒരു ഭാഗം എറണാകുളം ജില്ലയിലേക്ക് ഉള്‍പ്പെട്ട് കിടന്നതിനാല്‍ ഈ കുടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വനാവകാശരേഖ നല്കുന്നതിന് തടസ്സമായിരുന്നു. ഈ പ്രദേശം ഇടുക്കി ജില്ലയിലേക്ക് തന്നെ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ കുടി നിവാസികള്‍ക്ക് വനാവകാശരേഖകള്‍ മേളയില്‍ വിതരണം ചെയ്തു. മറയൂര്‍ വില്ലേജിലെ ഒള്ളവയല്‍ , മാങ്ങാപ്പാറ ,എന്നീ കുടികളിലെ 102 പേര്‍ക്ക് വനാവകാശരേഖ നല്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു.
ജി.ഓ എം.എസ് 2020/2020 ഉത്തരവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിശദമായ റിപ്പോര്‍ട്ട് , സാങ്കേതിക തടസ്സങ്ങളില്ലാതെ പതിവ് നടപടികള്‍ തുടരുന്നതിന് ഭേദഗതി ശിപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം എന്നിവിടങ്ങളിലെ സെറ്റില്‍മെന്റ് പ്രദേശങ്ങള്‍ കൂടാതെ ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ വിതരണ നടപടികള്‍ പുനരാരംഭിച്ചു. പീരുമേട് താലൂക്കിലെ കൊക്കയാര്‍, മ്ലാപ്പാറ വില്ലേജുകളില്‍ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റ് പ്രദേശത്ത് ഈ ഉത്തരവ് ബാധകമാക്കി പട്ടയം അനുവദിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കട്ടപ്പന ടൗണ്‍ഷിപ്പിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ ആദ്യഘട്ടമായി കൈവശങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് കട്ടപ്പന ടൗണിലെ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും തുടര്‍ നടപടികള്‍ പുരോഗമിച്ചുവരികയുമാണ്.
കാലങ്ങളായി പട്ടയവിഷയത്തില്‍ തീരുമാനമാകാതെ കിടന്ന ഇടുക്കി പദ്ധതി മൂന്നുചെയിന്‍, ചെങ്കുളം ഡാം, 10 ചെയിന്‍ , കല്ലാര്‍കുട്ടി ഡാം - 10 ചെയിന്‍ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയ വിഷയം സര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ പ്രത്യേക സര്‍വെ ടീമിനെ നിയോഗിച്ച് സര്‍വെ നടപടികള്‍ പുരോഗമിച്ചുവരികയാണ്. പൊന്‍മുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാര്‍ക്ക് പട്ടയം മിഷന്റെ ഭാഗമായി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രദേശത്തെ കൈവശക്കാരുടെ ഭൂമി സര്‍വെ പൂര്‍ത്തീകരിച്ചു റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ മുഖേന പതിവ് നടപടികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പട്ടയ വിഷയം പരിഹരിക്കാതെ കിടന്ന പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളായ ആടുവിളുന്താന്‍കുടി , കോമാളി കുടി എന്നിവിടങ്ങളില്‍ പട്ടയം അനുവദിക്കുന്നതിന് സര്‍വെ നടപടികള്‍ ആരംഭിച്ച് പട്ടയം അനുവദിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
ജില്ലയിലെ വില്ലേജുകളില്‍ റീസര്‍വെ റിക്കാര്‍ഡുകള്‍ നടപ്പാക്കി ഭൂരേഖകളുടെ കൃത്യത ഉറപ്പുവരുന്നതിന് ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിരുന്നു. ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഒന്നാം ഘട്ടത്തില്‍ 13 വില്ലേജുകളും രണ്ടാം ഘട്ടത്തില്‍ 11 വില്ലേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 വില്ലേജുകള്‍ നടപടി പൂര്‍ത്തീകരിച്ച് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. ശേഷിക്കുന്ന വില്ലേജുകളിലെ സര്‍വെനടപടികള്‍ പുരോഗമിച്ചുവരുന്നു.ജില്ലയിലെ എല്ലാ ഭൂമി പ്രശ്‌നങ്ങളും ഘട്ടം ഘട്ടമായി പരിഹരിക്കുന്നതിനുള്ള സമഗ്ര നടപടികള്‍ പട്ടയം മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് യോഗ്യമായ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.
- Log in to post comments