Skip to main content

പ്രകൃതിയോടിണങ്ങിയാവാം പ്രചാരണം

കോട്ടയം: പ്രകൃതിയോടിണങ്ങിയുള്ള പ്രചാരണത്തിന് മാർഗനിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് വിഭാഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രാഷ്ട്രീയപാർട്ടിക്കാരുടേയും സ്ഥാനാർഥികളുടേയും പ്രചാരണത്തിലും യോഗങ്ങളിലും ജോലിക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കുമ്പോഴും ഹരിതചട്ടം പാലിക്കുന്നതിനായി പുനരുപയോഗിക്കാവുന്നതും പ്രകൃതിയോട് ഇണങ്ങിയതുമായ വസ്തുക്കളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് നിർദേശം. ഇതിനായി രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി വിവിധ നിർദേശങ്ങളും തെരഞ്ഞെടുപ്പു വിഭാഗം പുറത്തിറക്കി.
 തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവ പൂർണമായും കോട്ടൺ, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയായിരിക്കണം.
 സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, തുടങ്ങിയവയിൽ പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ ഉപയോഗിക്കരുത്. കൊടി തോരണങ്ങളും പൂർണമായും പ്ലാസ്റ്റിക്, പി.വി.സി മുക്തമാക്കണം. പി.വി.സി. പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ, പോളിസ്റ്റർ കൊണ്ടുള്ള തുണി, ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.
 രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോഴും നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും, ഡിസ്‌പോസിബിൾ വസ്തുക്കളും പരമാവധി ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. പോളിംഗ് ബൂത്തുകൾ/വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പു സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരുവാൻ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയിനറുകളും കൊണ്ടുവരുന്നത് ഒഴിവാക്കണം.
  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടികളിൽ ഹരിതചട്ടം സംബന്ധിച്ച് ബോധവൽക്കരണം നടത്തും. നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നിയമനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലിപ്പ് /രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കുന്നതിനായി ഇവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് സ്‌ക്രാപ്പ് ഡിലേഴ്‌സിനു കൈമാറാനുള്ള നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ തെരഞ്ഞെടുപ്പു പ്രചാരണവസ്തുക്കൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

 

date