Skip to main content

തിര‍ഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ 'പോൾമാനേജർ'

പോളിങ് സ്റ്റേഷനുകളിലെ എല്ലാ നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനും  ഓരോ മണിക്കൂറുകളിലുമുള്ള പോളിങ് നില പോളിങ് ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ  സജ്ജമാക്കിയ മൊബൈല്‍ ആപ്പാണ് ‘പോള്‍ മാനേജര്‍’.  പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍ നിന്നും അതത് പോളിങ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെയുള്ള 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫീസറോ ഒന്നാം പോളിങ് ഓഫീസറോ ആപ്പ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, ഉപവരണാധികാരി, സെക്ടര്‍ ഓഫീസര്‍, പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍,  ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് ഇത് നിരീക്ഷിക്കാന്‍ കഴിയും.  പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ വെച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇതോടെ ഉദ്യോഗസ്ഥർ പൂർണമായും കമ്മിഷന്റെ നിരീക്ഷണത്തിലാകും. പിന്നീട് പോളിങ് സ്റ്റേഷനിൽ എത്തിയശേഷവും വൈകീട്ടും പോളിങ് ദിവസവും ആപ്ലിക്കേഷനിൽ കൃത്യമായ വിവരങ്ങൾ ചേർക്കണം. വോട്ടെടുപ്പു ദിവസം രാവിലെ മോക് പോൾ നടത്തുന്നതും പിന്നീട് രാവിലെ പോളിങ് ആരംഭിച്ച് ഓരോ ഘട്ടത്തിലും വോട്ടിങ് ശതമാനവും മറ്റു കാര്യങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് ലഭ്യമാകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ്. ജീവനക്കാരുടെ സുരക്ഷ, വോട്ടിങ് പ്രക്രിയ സുതാര്യമാക്കുക, ക്രമക്കേടുകളും പരാതികളും ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആപ്ലിക്കേഷന് പിന്നിലുള്ളത്.

 

date