Skip to main content

മലപ്പുറം ജില്ലയില്‍ പോളിങ് 70.25 ശതമാനം * മലപ്പുറം മണ്ഡലത്തില്‍ 71.42 ഉം പൊന്നാനിയില്‍ 67.67 ഉം ശതമാനം പോളിങ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 70.25 ശതമാനം പോളിങ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 71.42  ഉം പൊന്നാനിയില്‍ 67.67 ഉം ആണ് പോളിങ് ശതമാനം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ 33,93,884 വോട്ടര്‍മാരില്‍ 23,84,528 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 16,96,709 പുരുഷ വോട്ടര്‍മാരില്‍ 11,26,566 പേരും (66.39 ശതമാനം) 16,97,132 സ്ത്രീ വോട്ടര്‍മാരില്‍ 12,57,942 പേരും (74.12 ശതമാനം) വോട്ട് ചെയ്തു. 43 ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ 20 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (46.51 ശതമാനം). മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 14,79,921 വോട്ടര്‍മാരില്‍ 1057024 ഉം (71.42 ശതമാനം) പൊന്നാനി മണ്ഡലത്തില്‍ 14,70,804 വോട്ടര്‍മാരില്‍ 995396ഉം (67.67 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ 6,43,210 വോട്ടര്‍മാരില്‍ 468528 പേര്‍ വോട്ടു ചെയ്തു.

രാവിലെ കൃത്യം 7 മണിക്കു തന്നെ പോളിങ് ആരംഭിച്ചു.
മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ തിരക്കായിരുന്നു. കടുത്ത ചൂട് കാലമായതിനാല്‍ കൂടുതല്‍ പേരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. ഉച്ചയോടെ അല്പം മന്ദഗതിയില്‍ ആയിരുന്നെങ്കിലും വൈകീട്ട് മിക്കയിടങ്ങളിലും വലിയ നിരയുണ്ടായിരുന്നു. ആറ് മണിക്ക് വരിയില്‍ നിന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചു.

ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം മണ്ഡലത്തില്‍ 1215 ഉം പൊന്നാനിയില്‍ 1167 ഉം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. വയനാട് മണ്ഡലത്തിലുള്‍പ്പെട്ട മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി 573 പോളിങ് സ്റ്റേഷനുകളുമുണ്ട്. ജില്ലയില്‍ 80 പോളിങ് സ്റ്റേഷനുകള്‍ നിയന്ത്രിച്ചത് സ്ത്രീകളായിരുന്നു. അംഗ പരിമിതര്‍, യുവ ഓഫീസര്‍മാര്‍ നിയന്ത്രിച്ച രണ്ട് വീതം പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ ഒരുക്കിയിരുന്നു. നിലമ്പൂര്‍ മണ്ഡലത്തിലെ പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂള്‍, ഇരുട്ടുകുത്തിയിലെ വാണിയമ്പുഴ പോളിങ് സ്റ്റേഷന്‍ എന്നിവയാണ് യുവ ഓഫീസര്‍മാര്‍ നിയന്ത്രിച്ചത്. വോട്ടെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു. മുഴുവന്‍ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കണ്‍ട്രോള്‍ റൂം ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ സജ്ജീകരിച്ചു.  

ഏതാനും ബൂത്തുകളിലെ യന്ത്രങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ സംഭവിച്ചെങ്കിലും ഉടന്‍ പരിഹരിക്കുകയോ യന്ത്രം മാറ്റി നല്‍കുകയോ ചെയ്ത് വേഗത്തില്‍ പരിഹരിച്ചു. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും നിര്‍ദ്ദിഷ്ട സ്വീകരണ കേന്ദ്രങ്ങളിലാണ് എത്തിക്കുന്നത്. അവിടെ നിന്ന് സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മലപ്പുറം ഗവ. കോളെജ് (മലപ്പുറം മണ്ഡലം), തിരൂര്‍ എസ.എസ്.എം പോളിടെക്‌നിക് കോളെജ് (പൊന്നാനി മണ്ഡലം), ചുങ്കത്തറ മാര്‍ത്തോമ കോളെജ് (വയനാട് മണ്ഡത്തിലെ മൂന്ന് മണ്ഡലങ്ങള്‍) എന്നിവിടങ്ങളിലാണ് സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ചത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. അതുവരെ കനത്ത സുരക്ഷയില്‍ യന്ത്രങ്ങള്‍ ഇവിടങ്ങളില്‍ സൂക്ഷിക്കും.

 

തിരഞ്ഞെടുപ്പ്: ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇലക്ഷൻ കൺട്രോൾ റൂം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ മലപ്പുറം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂമാണ് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേയും വിവരങ്ങൾ ഏകോപിപ്പിച്ചത്. ജില്ലയിലെ ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഇലക്ഷൻ കമ്മീഷന്റെ പോൾ മാനേജർ ആപ്പിലേക്കും രണ്ട് മണിക്കൂർ കൂടുമ്പോൾ ഇ-കോർ സൈറ്റിലേക്കും നൽകി പൊതുജനങ്ങളിലെത്തിക്കാൻ സാധിച്ചു.

തിരഞ്ഞെടുപ്പിന്റെ തലേദിവസവും തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ (വെള്ളി)യും ഇലക്ഷൻ കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം പോളിങ് സാമഗ്രികൾ റിസപ്ഷൻ സെന്ററിൽ നിന്നും ഓരോ പോളിങ് ബൂത്തുകളിൽ എത്തുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂം മുഖേന ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മോക്ക് പോൾ ആരംഭിക്കുന്നത് മുതൽ വോട്ടെടുപ്പ് തുടങ്ങുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഏകോപിപ്പിച്ചു. സാങ്കേതിക തകരാർ മൂലം ബൂത്തിലോ ഇ.വി.എം ഉപകരണത്തിലോ വി.വി പാറ്റിലോ നേരിട്ട തടസ്സങ്ങൾ ഉടൻ തന്നെ പുനഃസ്ഥാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ നടപ്പാക്കി. വോട്ടിങ് ആരംഭിച്ചത് മുതൽ ഓരോ മണിക്കൂറിലും റിട്ടേണിങ് ഓഫീസറിൽ നിന്നും പുതുക്കിയ വിവരങ്ങൾ ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. വിവരങ്ങൾ നൽകാൻ താമസം നേരിടുന്ന ബൂത്തുകളിലും സാങ്കേതിക തകരാർ നേരിടുന്നയിടങ്ങളിലും സെക്ടറൽ ഓഫീസർമരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമായി 32 ഉദ്യോഗസ്ഥരാണ് ഒരു ഷിഫ്റ്റിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്. (ഫോട്ടോ നേരത്തെ മെയില്‍ ചെയ്തിട്ടുണ്ട്) 

date