Skip to main content

പ്രളയബാധിത ജില്ലയ്ക്ക് സേവനമൊരുക്കാന്‍ തിരുവല്ല നഗരസഭയുടെ  സ്വാപ്പ് ഷോപ്പ്

 

പ്രളയബാധിത ജില്ലയ്ക്ക് കൈത്താങ്ങായി തിരുവല്ല നഗരസഭയും. ഉപയോഗയോഗ്യമായ പഴയ ഗൃഹോപകരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും ആവശ്യമുള്ളവ തെരഞ്ഞെടുക്കുന്നതിനുമായി താല്‍ക്കാലിക സ്വാപ്പ് ഷോപ്പ് ഒരുക്കുകയാണ് തിരുവല്ല നഗരസഭ. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ഓപ്പണ്‍ സ്റ്റേജില്‍ 29ന് രാവിലെ 10 മുതല്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്തതും എന്നാല്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളും ഉല്‍പ്പന്നങ്ങളും ശേഖരിച്ച് മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഉപയോഗപ്രദമാക്കുന്നതാണ് ശുചിത്വമിഷന്റെ കീഴില്‍ നടപ്പിലാക്കുന്ന സ്വാപ്പ് ഷോപ്പ് പദ്ധതി. 28ന് വൈകിട്ട് അഞ്ച് മണി വരെ ഉപയോഗയോഗ്യമായ ഉല്‍പ്പന്നങ്ങള്‍ നഗരസഭയിലെത്തി കൈമാറാം. കഴുകി വൃത്തിയാക്കിയ തുണിത്തരങ്ങള്‍ മുതല്‍ പഴകിയതും പ്രവര്‍ത്തനയോഗ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ പുനരുപയോഗത്തിനായി നല്‍കാം. മാലിന്യത്തിന്റെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമിഷന്റെ കീഴില്‍ സ്വാപ്പ് ഷോപ്പ് സംസ്ഥാനത്തുടനീളം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷവും തിരുവല്ല നഗരസഭ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചിരുന്നു.

       (പിഎന്‍പി 3052/18)

date