Skip to main content

കാബ്കോ എക്സ്പോ സെന്റർ 65000 ചതുരശ്ര അടിയിൽ; ശിലാസ്ഥാപനം ആഗസ്റ്റ് 17 ന്

കാർഷിക സംരംഭങ്ങളെയും കൂട്ടായ്മകളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്താൻ ലക്ഷ്യമിട്ട്  തലസ്ഥാനനഗരിയിൽ കൃഷിവകുപ്പ് ഒരുക്കുന്ന പുതിയ സമുച്ചയമാണ് കാബ്കോ എക്സ്പോ സെന്റർ ആൻഡ് അഗ്രിപാർക്കെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കാബ്കോ പണികഴിപ്പിക്കുന്ന എക്സ്പോ സെന്റർ ആനയറ വേൾഡ് മാർക്കറ്റിന്റെ കോമ്പൗണ്ടിലാണ് ഉയരുന്നത്. അഗ്രിപാർക്കിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 17 ന് രാവിലെ 11:30 ന് കൃഷി വകുപ്പ് മന്ത്രി നിർവഹിക്കും. നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് പണിതീർക്കുന്ന ഈ സമുച്ചയം കൃഷിവകുപ്പിന്റെ പ്രധാന മൂലധനം തന്നെയായിരിക്കും. 65,000 ചതുരശ്ര അടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള എക്സിബിഷൻ സെന്ററിൽ എക്സിബിഷനുകൾകൺവെൻഷനുകൾട്രേഡ് ഷോകൾബിസിനസ് മീറ്റുകൾകോർപ്പറേറ്റ് ഇവന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടി ഇഷ്ടാനുസൃതമായി സമകാലിക ശൈലിയിൽ ഓരോ ഇവന്റും മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. കൂടാതെ 33260  ചതുരശ്ര അടി വിസ്തൃതിയിൽ 365 പേർക്ക് ഇരിക്കുവാൻ സൗകര്യമുള്ള ആധുനിക സംവിധാനത്തോടുകൂടിയ ഫുഡ് കോർട്ടും രൂപകൽപന ചെയ്തിട്ടുണ്ട്. 102876 ചതുരശ്ര അടി വിസ്തൃതിയിൽ ഏഴു നിലകളിലായി ഓഫീസ് മുറികളും മീറ്റിംഗ് സംവിധാനങ്ങളോടും കൂടി കൃഷിവകുപ്പിന്റെ അനുബന്ധ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിക്കുവാനുള്ള സൗകര്യവും അഗ്രി പാർക്കിൽ സജ്ജമാക്കും.

പി.എൻ.എക്‌സ്. 3593/2024

date