കേരള സ്‌കൂൾ കായിക മേളയ്ക്ക് വര്‍ണാഭമായ തുടക്കം
കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു. പതിനാല് ജില്ലകളിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കായികതാരങ്ങൾ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.
സ്‌റ്റേഡിയത്തിൽ നടന്ന ദീപശിഖാപ്രയാണത്തിൽ പാലക്കാട് ജിഎംജി ഹയര്‍സെക്കന്ററി സ്‌കൂളിലെ എസ്. സായന്ത്, മുരിക്കുംവയല്‍ വി.എച്ച്.എസ്.സി.യിലെ ജ്യുവല്‍ തോമസ്, കണ്ണൂര്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ അഖില രാജ൯, കണ്ണൂ൪ സ്‌പോര്‍ട്ട്‌സ് ഡിവിഷനിലെ ശ്രീജി ഷാജി, സവിശേഷ പരിഗണന അര്‍ഹിക്കുന്ന എസ്. യശ്വിത, അനു ബിനു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇവരിൽ നിന്നും മേളയുടെ ബ്രാന്‍ഡ് അംബാസിഡറായ ഒളിമ്പ്യ൯ പി. ആ൪. ശ്രീജേഷ് ദീപശിഖ ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പി. ആ൪. ശ്രീജേഷും വെളി ഇ.എം.എച്ച്.എസ്സിലെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായികതാരമായ ശ്രീലക്ഷ്മിയും ചേര്‍ന്ന് ദിപശിഖ തെളിയിച്ചു. ശ്രീജി ഷാജി കായികതാരങ്ങള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മേളയോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ചലചിത്രതാരം മമ്മൂട്ടി നിര്‍വ്വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി. വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളിൽ, കെ.എൻ. ഉണ്ണികൃഷ്ണൻ, ഉമ തോമസ്, കെ.ജെ. മാക്സി, കൊച്ചി മേയർ എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജീവൻ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, എസ് സി ഇ ആർ ടി ഡയറക്ടർ ആർ. കെ. ജയപ്രകാശ്, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ. ആർ. സുപ്രിയ, കൈറ്റ് സി ഇ ഒ അൻവർ സാദത്ത്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എസ്. ഷാജില ബീവി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി. എ. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്പോർട്സ് ഓർഗനൈസർ സി. എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നാലായിരത്തിലധികം കുട്ടികൾ അണിനിരന്ന സാംസ്കാരിക പരിപാടികൾ നടന്നു. പിടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരന്നു.
ചരിത്രത്തില്‍ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരും. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും.
- Log in to post comments