പ്രളയം; പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് 'പുനര്‍ജനി' ശില്‍പശാല
പ്രളയ ഓര്‍മകളും പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്ത് 'പുനര്‍ജനി' ശില്‍പശാല. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാ തല സമാപനത്തിന്റെ ഭാഗമായാണ് 'ദുരന്ത പ്രതിരോധവും പുനര്‍നിര്‍മ്മാണവും' ശില്‍പശാല നടത്തിയത്. പ്രളയവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പ്രതിരോധ മാര്‍ഗങ്ങളും പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശില്‍പശാലയില്‍ പങ്കുവെച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന നിര്‍മാണ പ്രവൃത്തികളെക്കുറിച്ചുള്ള ചര്‍ച്ചയും ശില്‍പ്പശാലയിലുണ്ടായിരുന്നു.
ജില്ലാഭരണകൂടം, നഗര - ഗ്രാമാസൂത്രണ വകുപ്പ്, ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഐക്യം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായപ്പോള്‍ മറ്റെങ്ങുമില്ലാത്ത വിധം ഒരുമിച്ച് നിന്നവരാണ് മലയാളികള്‍. ഈ ഐക്യമാണ് കേരളത്തെ വേറിട്ട് നിര്‍ത്തുന്നത്. പുനര്‍നിര്‍മാണത്തിലും മലയാളികളുടെ ഐക്യം പ്രശംസനീയമാണെന്ന് എംഎല്‍എ പറഞ്ഞു.
ഡിടിപിസി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. പ്രളയ ഭൂപടത്തിന്റെയും പ്രളയ ചിത്രങ്ങളുടെയും പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍കെ ഷൗക്കത്തലി, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെഒ അരുണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, ടൗണ്‍പ്ലാനിങ് ഓഫീസര്‍ പിഎ ഐഷ, മാധ്യമപ്രവര്‍ത്തകന്‍ ഇ സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍കിടെക്റ്റ് പ്രസൂണ്‍ ജി ദാസ് വിഷയമവതരിപ്പിച്ചു.
- Log in to post comments