Skip to main content

മുളവുകാട് റോഡ് നിര്‍മാണം: ജനകീയ അദാലത്ത് നവംബര്‍ 9-ന് 

 

 

 

കൊച്ചി: മുളവുകാട്  -- ബോള്‍ഗാട്ടി   റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ ജനകീയ അദാലത്ത് സംഘടിപ്പിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, എസ് ശര്‍മ എംഎല്‍എ, കെ വി തോമസ് എം പി എന്നിവരുടെ നേതൃത്വത്തില്‍ ഗോശ്രീ വികസന അതോറിറ്റിയില്‍  (ജിഡ) നടന്ന യോഗത്തിലാണ് തീരുമാനം. റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ പരിഹരിക്കാനും നിര്‍മാണം വേഗത്തിലാക്കാനുമാണ് നവംബര്‍ 9-ന് മുളവുകാട് എച്ച്‌ഐഎച്ച്എസ് സ്‌കൂളില്‍ അദാലത്ത് നടത്തുന്നത്. 

 

മുളവുകാട് നിവാസികളുടെ യാത്രാദുരിതം കുറയ്ക്കാനായി റോഡിന് 7 മീറ്റര്‍ വീതികൂട്ടി, മുളവുകാട് നോര്‍ത്ത് മുതല്‍ ബോള്‍ഗാട്ടിവരെ അഞ്ചരകിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മാണത്തിന് പദ്ധതിയിട്ടത്. ഇതില്‍ മുളവുകാട് നോര്‍ത്ത് മുതല്‍ നേവിലാന്റ് വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കി. നേവി ലാന്റ് മുതല്‍ തണ്ടാശ്ശേരി വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി സ്ഥലമുടമകളില്‍ നിന്ന് സമ്മതപത്രം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പല സ്ഥലമുടമകള്‍ക്കും മതിയായ രേഖകളില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യാനാവുന്നില്ല. തണ്ടാശ്ശേരി മുതല്‍ ബോള്‍ഗാട്ടി വരെയുമുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള തടസ്സവും റോഡുപണി തുടരുന്നതിന് വെല്ലുവിളിയാകുന്നു. ഇക്കാര്യങ്ങള്‍ അദാലത്തില്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

സ്ഥലമേറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് നല്കുന്ന തുക സംബന്ധിച്ച് നേരത്തെ അറിയിപ്പു നല്കിയിട്ടുണ്ട്. ഈ അറിയിപ്പ് ഓര്‍മപ്പെടുത്തിക്കൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം അദാലത്തില്‍ പങ്കെടുക്കാനായി  നോട്ടീസ് നല്കാനും അദാലത്തില്‍ പരാതികള്‍ തീര്‍പ്പു കല്പിക്കാനും യോഗം തീരുമാനിച്ചു. റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കേണ്ട വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയ യൂട്ടിലിറ്റി ഷിഫ്റ്റിങ് സംബന്ധിച്ച കാര്യങ്ങളും അദാലത്തില്‍ തീരുമാനിക്കും. 

നേവിലാന്റ് മുതല്‍ തണ്ടാശ്ശേരി വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ്, ടെണ്ടര്‍ ചെയ്തപ്പോള്‍ കരാറുകാരന്‍ പത്തുശതമാനം കൂടുതലായാണ് ക്വോട്ടുചെയ്തത്. ഇക്കാര്യത്തില്‍ ഭരണാനുമതി ലഭിക്കാനായി നടപടികളെടുത്തിട്ടുണ്ട്. സ്ഥലമുടമകളില്‍ നിന്ന് സമ്മതപത്രം ലഭിച്ചതിനാല്‍ ഭരണാനുമതി ലഭിച്ച ഉടനെ റോഡുപണി തുടങ്ങാനാകുമെന്ന് ജിഡ പ്രൊജക്ട് ഡയറക്ടര്‍ എ രാമചന്ദ്രന്‍ പറഞ്ഞു. ഭരണാനുമതി ലഭിച്ചാല്‍ നവംബര്‍ പകുതിയോടെ നേവിലാന്റ് മുതല്‍ തണ്ടാശ്ശേരി വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ്പണി തുടങ്ങും. 

മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജന്‍, കിറ്റ്‌കോ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date