ജില്ലാ വികസന സമിതി യോഗം ചേർന്നു
#സ്കൂൾ പരിസരത്തെ ലഹരി വില്പന തടയുന്നതിന് അടിയന്തര നടപടി വേണമെന്ന് ആവശ്യം#
ജില്ലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയും ഉപയോഗവും കൂടുതലാണെന്നും ഇത് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. സ്കൂൾ പരിസരത്ത് റെയ്ഡ് ശക്തമാക്കണമെന്നും ലഹരി വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എംഎൽഎമാരായ വി.കെ പ്രശാന്ത്, ഡി.കെ മുരളി എന്നിവർ ആവശ്യപ്പെട്ടു. സ്കൂൾ പരിസരങ്ങളിലെ ലഹരി വില്പന തടയുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മറുപടി നൽകി.
വേനൽ കടുത്തതോടെ ജില്ലയുടെ പലയിടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന അവസ്ഥയുണ്ട്. ഇത് പരിഹരിക്കണമെന്നും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
നെയ്യാർ ഡാമിൽ ശുചീകരണം വേണ്ടവിധത്തിൽ നടക്കാത്തത് ടൂറിസ൦ വികസന ത്തിന് തടസ്സം നിൽക്കുന്നുവെന്നും ജില്ലാ കളക്ടർ അടിയന്തരമായി ഡാം സന്ദർശിച്ച് നടപടിയെടുക്കണമെന്നും സി.കെ ഹരീന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പട്ടം മേൽപ്പാലം, പേരൂർക്കട, കാച്ചാണി റോഡുകളുടെ പ്രവൃത്തി പുരോഗതി, വാഴോട്ടുകോണം കമ്മ്യൂണിറ്റി ഹാൾ, വട്ടിയൂർക്കാവ് മാർക്കറ്റ് എന്നിവയുടെ നിർമ്മാണ പുരോഗതി, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, പേരൂർക്കട ആശുപത്രി വികസനം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും സ്വപ്ന പദ്ധതികളിൽ കാലതാമസം വരുത്തരുതെന്നും ഡി.കെ മുരളി എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നെടുമങ്ങാട് മണ്ഡലത്തിലെ പഴകുറ്റി-മംഗലപുരം റോഡ് നിർമ്മാണം, ശുചിത്വമിഷൻ പ്ലാന്റ് എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. നെടുമങ്ങാട് മണ്ഡലത്തിലെ സ്കൂളുകൾക്ക് മുന്നിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ഫ്ലഡ് വർക്കുകൾ പൂർത്തീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
അരിവാളം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനും നിലവിലെ പാർക്ക് നവീകരിക്കുന്നതിനും നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിർബന്ധമായും രൂപീകരിക്കണമെന്നും ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ അനുകുമാരി ആവശ്യപ്പെട്ടു. എഡിഎം ബീന പി ആനന്ദ്, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ എം എന്നിവർ പങ്കെടുത്തു.
- Log in to post comments