കൃഷി സമൃദ്ധി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു സമീപനമാണ്: കൃഷിമന്ത്രി പി. പ്രസാദ്
കൃഷി സമൃദ്ധി കേവലം ഒരു പദ്ധതി അല്ലെന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു സമീപനമാണെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ചിറയിന്‍കീഴ് ശാര്‍ക്കര ഗവ. യുപിഎസ് സ്കൂള്‍ ഹാളില്‍ കൃഷി സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിയുടെ ആനുകൂല്യം കൈപ്പറ്റാത്തവരായി ആരുമില്ല. ഭക്ഷണം കഴിക്കുന്ന ഏവരും കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്. ഭക്ഷണത്തില്‍ ഏതാണ്ട് 95% ഉല്‍പ്പന്നങ്ങളും കൃഷിയുടെ /കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. സമൂഹത്തില്‍ ന്യൂനപക്ഷമായ കര്‍ഷകര്‍ ഭൂരിപക്ഷമായ ലോക ജനസംഖ്യയുടെ വിശപ്പ് മാറ്റാനായി ചെയ്യുന്ന ഒരു വലിയ പ്രവര്‍ത്തിയാണ് കൃഷി എന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി പ്രവര്‍ത്തികള്‍ സജീവമായി നിലനിര്‍ത്തുക എന്നുള്ളത് നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇതിനായി നമ്മള് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി കൃഷി മാറിയേ മതിയാകൂ. നെല്‍വയലുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതിനോട് ചേര്‍ത്തു നമ്മള് മനസിലാക്കണം. ഒരു ഏക്കര്‍ വയല്‍ പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ വെള്ളം മണ്ണിലേക്ക് സംഭരിക്കുന്നു. നെല്‍ വയലുകള്‍ നമ്മുടെ ഭൂഗര്‍ഭ ജലസംഭരണികള്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
ഐസിഎംആറിന്റെ കണക്ക് പ്രകാരം 56.4% അസുഖങ്ങളും ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉണ്ടായതാണെന്ന് സൂചിപ്പിക്കുന്നുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
വയലും വീടും എന്ന കാര്‍ഷിക സംസ്കാരത്തില്‍ നിന്നും കടയും വീടും എന്ന രീതിയിലേക്ക് മാറിയ മലയാളി ഇന്ന് ആപ്പും വീടും എന്ന തരത്തില്‍ കൃഷി മേഖലയില്‍ നിന്നും വളരെ വിദൂരത്തിലായി. അശുഭകരമായ സൂചനയാണിതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയുടെയും ഭാവി നിര്‍ണയിക്കുന്നത് അവരുടെ ഭക്ഷണപാത്രമാണ്. ആതുര സേവന കേന്ദ്രങ്ങളുടെ വര്‍ദ്ധനവ് വികസനത്തിന് മാനദണ്ഡമാക്കുന്നത് ഒരു നല്ല സൂചന അല്ല നല്‍കുന്നത്. കൃഷിസമൃദ്ധി പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് മലയാളികളുടെ ആരോഗ്യകരമായ നാളെയും കേരളത്തിന്റെ പച്ചക്കറി ഉല്പാദനത്തില് സ്വയം പര്യാപ്തതയുമാണ്.
സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 107 കൃഷിഭവനുകളിലൂടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ചിറയിന്‍കീഴ് കൃഷിഭവനെ കൃഷി സമൃദ്ധി പദ്ധതിയിലൂടെ സമഗ്ര കാര്‍ഷിക മുന്നേറ്റം നടത്താന്‍ ആവട്ടെ എന്ന് മന്ത്രി ആശംസിച്ചു. കൃഷി സമൃദ്ധി പദ്ധതിയില്‍ കൃഷിയോഗ്യമായ എന്നാല്‍ കൃഷി ചെയ്യാതെ കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഇടപെടലിലൂടെ കൃഷിയോഗ്യമാക്കണമെന്നും പറഞ്ഞു. പോഷകത്തോട്ടം സംസ്ഥാന അവാര്‍ഡ് ജേതാവ് അനില്‍ ദേവിനെ വേദിയില്‍ കൃഷി മന്ത്രി ആദരിച്ചു.
ഓരോ പഞ്ചായത്തിനെയും കാര്‍ഷിക ഉല്പാദനത്തില് സ്വയം പര്യാപ്തരാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി അഭിനന്ദനാര്‍ഹമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി. ശശി എംഎല്‍എ അറിയിച്ചു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍ വാഹിദ്, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ്് പി.സി. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ആര്. സുഭാഷ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എസ്. അനില്‍കുമാര്‍, കൃഷി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments