ഇ.വി.കൃഷ്ണപിള്ളയുടെ ഓര്‍മയ്ക്കായി ഗ്രന്ഥശാല
ഇ.വി.കൃഷ്ണപിള്ളയുടെ ഓര്‍മയ്ക്കായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ഗ്രന്ഥശാല കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളുടെ കാപട്യം ഏവര്‍ക്കും തിരിച്ചറിയാനാകണമെന്നും ശുദ്ധഹാസ്യമായിരുന്നു ഇ.വി.കൃഷ്ണപിള്ളയുടെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രന്ഥശാല ബ്ലോക്ക് സമുച്ചയത്തില്‍ സജ്ജീകരിച്ചത്. കുന്നത്തൂര്‍ പഞ്ചായത്തില്‍ ജനിച്ച പ്രശസ്ത ഹാസ്യ സാഹിത്യകാരനായ ഇ.വി കൃഷ്ണപിള്ളയുടെ നാമധേയത്തിലാണ് ഗ്രന്ഥശാല ഒരുക്കിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുസ്തക സമാഹരണ യജ്ഞത്തിലൂടെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ വാങ്ങിയും ഗ്രന്ഥശാലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസ് ഗ്രന്ഥങ്ങള്‍, മത്സര പരീക്ഷാ സഹായികള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വിവിധ പത്ര മാസികകള്‍ ഉള്‍പ്പടെ 1500ലധികം ശേഖരണങ്ങളുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്.ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സനില്‍കുമാര്‍, എസ്.ഷീജ, വി.രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ഗ്രന്ഥശാല പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1061/2025)
- Log in to post comments